ചെറുവത്തൂർ: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിൽ നടപ്പിലാക്കി വരുന്ന കെ.എഫ്.ഡബ്‌ള്യു സോയിൽ പദ്ധതിയുടെ ഭാഗമായി നീലേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ റിസർച്ച് ആൻ‌ഡ് ഡവലപ്മെന്റ് (സി.ആർ.ഡി) 4 ഏക്കർ 15 സെന്റ് സ്ഥലത്ത് എന്റെ വനം പദ്ധതിക്ക് തുടക്കമായി.

കാലാവസ്ഥാ വ്യതിയാന അനുരൂപ നീർത്തട - മണ്ണ് പരിപോഷണ പദ്ധതിയുടെ ഭാഗമായി കയ്യൂർ ചീമേനി പഞ്ചായത്തിലെ പെട്ടിക്കുണ്ട് (70 സെന്റ് ), ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ കുഞ്ചാർ (15 സെന്റ് ), ബേഡഡുക്കയിലെ ചേരിപാടി (3 ഏക്കർ 5 സെന്റ് ), കാറഡുക്കയിലെ ബനത്പാടി (25 സെന്റ് ) എന്നീ നീർത്തടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുന്നിവാക, നീർമരുത്, മണിമരുത്, ഉങ്ങ്, കാറ്റാടി, മുള, ഞാവൽ, ആര്യവേപ്പ്, പൂവരശ്, മന്ദാരം, പുളി, നെല്ലി തുടങ്ങി 18 ഇനത്തിലുള്ള മരതൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

പെട്ടിക്കുണ്ട് നീർത്തടത്തിൽ എന്റെ വനം പരിപാടി കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസറും ഗവ. അഡീഷണൽ സെക്രട്ടറിയുമായ ഇ.പി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. നബാർഡ് ഡി.ഡി.എം കെ.ബി ദിവ്യ ബ്രോഷർ പുറത്തിറക്കി. അഡ്വ.കെ.വി രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ഡി പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി, യൂസഫ്, എൻ. നാരായണൻ എന്നിവർ സംസാരിച്ചു.