പയ്യന്നൂർ: രാമന്തളിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. രാമന്തളി വടക്കുമ്പാട്ടെ സി. റഷീദി (33)നെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. യുവതി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചെമ്മരൻ കീഴിൽ ഷമീല (26)യാണ് ജൂൺ രണ്ടിന് ഉച്ചയോടെ തൂങ്ങിമരിച്ചത്.
അസ്വഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തു നിന്നും യുവതി എഴുതിയ കത്ത് കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്തുവന്ന ഭർത്താവ് റഷീദിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് ബന്ധു ഡിവൈ.എസ്.പിക്ക് പരാതി നൽകിയതോടെ മൊഴിയെടുത്ത പൊലീസ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. ഗാർഹിക പീഡന കുറ്റവും, ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസുമുള്ള രണ്ട് ആൺകുട്ടികളുണ്ട്.
വിദേശത്തായിരുന്ന റഷീദ് സമീപകാലത്താണ് നാട്ടിലെത്തിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ എൻ.കെ ഗിരീഷ്, എ.എസ്.ഐ കെ. സത്യൻ, നികേഷ്, സുരേഷ് കക്കറ എന്നിവരും ഉണ്ടായിരുന്നു.