കൂത്തുപറമ്പ്: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിന് വേണ്ടി മന്ത്രിയെ ഫോണിൽ വിളിച്ച കുടുംബത്തിന് വൈകുന്നേരം ആകുമ്പോഴേക്കും മുൻഗണനാ കാർഡ് നൽകി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ആയിത്തറയിലെ എ. യശോദയുടെ മകൾ ഷംനയാണ് മന്ത്രി ജി.ആർ അനിലിന്റെ ഫോൺ ഇൻ പ്രോഗ്രാമിൽ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിനായി രാവിലെ വിളിച്ചത്. കാൻസർ രോഗബാധിതയായ മാതാവിന് റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ വരാത്തതിനാൽ ചികിത്സാ ആനുകൂല്യങ്ങൾ കിട്ടുന്നില്ല എന്നായിരുന്നു ഷംനയുടെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ മന്ത്രി ഉടൻ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശിക്കുകയാണുണ്ടായത്. അന്വേഷണത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട കുടുംബമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 236712425 നമ്പർ പൊതുവിഭാഗം സബ്സിഡി റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസർ എൻ. ശോഭ അപേക്ഷകയുടെ വീട്ടിലെത്തി കാർഡ് നേരിട്ട് കൈമാറുകയായിരുന്നു.