നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്
ഇരിട്ടി: കൂട്ടുപുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. നാലാമത്തെ സ്പാനിന്റെ നിർമ്മാണവും പൂർത്തിയായതോടെ സെപ്തംബർ അവസാന വാരത്തോടെ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തലശ്ശേരി- വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കർണാടകയുടെ തടസ്സവാദം മൂലം 3 വർഷത്തോളം മുടങ്ങി കിടന്നിരുന്ന പാലത്തിന്റെ പുനർ നിർമ്മാണം സാങ്കേതിക അനുമതി ലഭിച്ചതോടെ കഴിഞ്ഞ ജനുവരിയിലാണ് പുനരാംഭിച്ചത്. ലോക്ക് ഡൗൺ പ്രതിസന്ധിയിലും നിർമ്മാണ പ്രവൃത്തി തുടരാൻ കഴിഞ്ഞത് പാലം നിർമ്മാണത്തിന് വേഗതയേകാൻ കാരണമായി.
അഞ്ച് സ്പാനുകളോട് കൂടിയുള്ള പാലത്തിന്റെ നാല് സ്പാനുകളുടെ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ സെപ്തംബർ അവസാനവാരത്തോടെ നിർമ്മാണം പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടുവൊടിക്കുന്ന
പഴയപാലം
അപകടാവസ്ഥയിലായ കൂട്ടുപുഴ പഴയ പാലത്തിലെ ടാറിംഗ് ഉൾപ്പെടെ തകർന്നതിനാൽ ഇത് വഴിയുള്ള യാത്ര ദുരിതപൂർണ്ണമായിരിക്കുകയാണ്. പുതിയ പാലം യാഥാർത്ഥ്യമാകും വരെയെങ്കിലും പഴയ പാലം സംരക്ഷിക്കാൻ നടപടിയില്ലാത്തതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.
7 പാലങ്ങൾ
തലശ്ശേരി -വളവുപാറ റോഡ് നവീകരണ പദ്ധതിയിൽ കൂട്ടുപുഴ ഉൾപ്പെടെ 7 പാലങ്ങൾ ആണ് പുനർ നിർമ്മിക്കുന്നത്. ഇതിൽ ഇരിട്ടി, ഉളിയിൽ, കളറോഡ്, മെരുവമ്പായി, കരേറ്റ പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുകയും ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.