കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ
കാസർകോട്ടെ ഡോക്ടർ രക്ഷപ്പെട്ടു
കാസർകോട്: മംഗളൂരുവിൽ ഒരു കോടി രൂപയുടെ കഞ്ചാവുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി. അജ്മൽ (24), തമിഴ്നാട് സ്വദേശിനിയും മംഗളൂരു സൂറത്കലിൽ താമസക്കാരിയുമായ മിനു രശ്മി (27) എന്നിവർ അറസ്റ്റിലായി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് രശ്മി. ഇവർക്കൊപ്പമുണ്ടായിരുന്ന കാസർകോട് സ്വദേശിയായ ഡോക്ടർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാൾ ഗൾഫിലേക്ക് കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
1.236 കിലോ കഞ്ചാവും പ്രതികൾ സഞ്ചരിച്ച കാറും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട നദീറാണ് മുഖ്യപ്രതി. കാസർകോട്, ഉപ്പള, ഉള്ളാൾ, മംഗളൂരു, കൊണാജെ, ദേർലക്കട്ട എന്നിവിടങ്ങളിലാണ് കാസർകോട് സ്വദേശികൾ അടക്കമുള്ള സംഘം കഞ്ചാവ് വിതരണത്തിന് എത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പിടിയിലായ വനിതാ ഡോക്ടറും കാസർകോട്ടെ യുവാവും അന്തർ സംസ്ഥാന മാഫിയ സംഘങ്ങളുടെ കണ്ണികളെന്നാണ് സൂചന. മംഗളൂരുവിൽ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ അന്വേഷണം ശക്തമായതോടെയാണ് സംഘം പിടിയിലായത്.