കാസർകോട് : നിയമയുദ്ധം നീളുന്നത് സംസ്ഥാന വഖഫ് ബോർഡിലെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ശീതസമരം കാരണം ബോർഡ് യോഗങ്ങൾ കൃത്യമായി കൂടാത്തത് കാരണം നൂറുകണക്കിന് പരാതികളാണ് വഖഫ് ബോർഡിൽ കെട്ടിക്കിടക്കുന്നത്.
മാസത്തിൽ അഞ്ചു തവണയെങ്കിലും യോഗങ്ങൾ ചേർന്നിരുന്ന വഖഫ് ബോർഡിൽ പരാതികൾ തീർപ്പാക്കാൻ സ്പെഷ്യൽ സിറ്റിംഗും നടത്താറുണ്ട്. എന്നാൽ ടി.കെ. ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡും കാസർകോട് സ്വദേശിയായ സി .ഇ. ഒ .എം. ജമാലും തമ്മിലുള്ള ഏറ്റുമുട്ടൽ സുപ്രീംകോടതിയിൽ എത്തിയതോടെയാണ് എല്ലാം കുഴഞ്ഞു മറിഞ്ഞത്. പള്ളികൾ സംബന്ധമായ തർക്കങ്ങൾ, ജുമാ അത്ത് സ്വത്ത് സംബന്ധമായ തർക്കങ്ങൾ, മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡ് പ്രവർത്തനം അവതാളത്തിൽ ആയതിനാൽ ഒരു കാര്യങ്ങളും ഇപ്പോൾ നടക്കുന്നില്ല. കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ ബി .എം. ജമാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി തുടരുന്നതിൽ ചെയർമാൻ ടി. കെ. ഹംസയ്ക്കുള്ള എതിർപ്പും ബോർഡ് പ്രവർത്തനം മുടങ്ങാൻ പ്രധാന കാരണമായി.
വഖഫ് റെഗുലേഷൻ നിയമ പ്രകാരം ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 58 ആണ്. തൊട്ടുമുമ്പ് സി .ഇ .ഒ ആയിരുന്ന എം അബൂട്ടി റിട്ടയർ ചെയ്തത് 58ാം വയസിലാണ്. വയസ് പൂർത്തിയാക്കിയാണ്. എന്നാൽ സി .ഇ .ഒ യെ നിയമിച്ചത് സംസ്ഥാന സർക്കാർ ആയതിനാൽ 56 വയസിൽ തന്നെ റിട്ടയർ ചെയ്യണമെന്ന് ചെയർമാൻ നിലപാട് എടുത്തു. അതുപ്രകാരം 2020 നവംബർ 21 ന് ബി .എം. ജമാൽ വിരമിച്ചതായി കണക്കാക്കണമെന്ന് ചെയർമാൻ സർക്കാരിന് എഴുതി.ഇത് അംഗീകരിച്ച സർക്കാർ ജമാലിന് നോട്ടീസ് നൽകി. എന്നാൽ ഇത് അംഗീകരിക്കാത്ത ജമാലിന്റെ പരാതിയിൽ ഹൈക്കോടതി നോട്ടീസ് സ്റ്റേ ചെയ്തു. പിന്നീട് ഡിവിഷൻ ബെഞ്ച് ജമാലിന്റെ പരാതി തള്ളി. ഇതിനിടെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ ഹബീബിന് ചുമതലയും നൽകി. ജമാൽ സുപ്രീകോടതിയെ സമീപിച്ച് സി.ഇ. ഒ ആയി തുടരാനുള്ള അനുമതി നേടിയെടുത്തു.
ജമാലിന്റെ സാന്നിദ്ധ്യത്തിൽ ഫെബ്രുവരി 10 ന് ബോർഡ് യോഗം ചേർന്നെങ്കിലും പിന്നീട് ഇദ്ദേഹം ചുമതല തുടരുന്നതിനാൽ ചെയർമാൻ യോഗം വിളിക്കാറില്ല. കൊവിഡ് കാരണമാണ് വിളിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. സെൻട്രൽ വഖഫ് ബോർഡിൽ ഡെപ്യുട്ടേഷനിൽ പോയിരുന്ന ജമാലിനെ മുൻമന്ത്രി കെ .ടി. ജലീൽ സമ്മർദ്ദം ചെലുത്തിയാണ് തിരിച്ചു കൊണ്ടുവന്നത്. ഇടതുമുന്നണി സർക്കാർ തന്നെയാണ് ഇപ്പോൾ സി. ഇ .ഒയെ നീക്കാനും നോട്ടീസ് നൽകിയത്.