നീലേശ്വരം: കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് കുവ്വാറ്റി ഗവ: യു .പി സ്‌കൂൾ സമഗ്ര വികസന പാതയിൽ. തൊഴിലുറപ്പിലൂടെ സാദ്ധ്യമാകുന്ന എല്ലാ വികസനങ്ങളും മറ്റ് വികസന ശ്രോതസ്സുകൾ മുഖേനയുള്ള ഫണ്ടുകളും ആർജിച്ച് വരുന്ന 4 വർഷത്തിനകം സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. സ്‌കൂളിന്റെ അഞ്ചേക്കറോളം വരുന്ന സ്ഥലം മതിലു കെട്ടി സംരക്ഷിക്കുക, ആധുനിക രീതിയിൽ കളിസ്ഥലം നിർമ്മിക്കുക, പാർക്ക് നിർമ്മിക്കുക, ഭക്ഷണശാലയും ഭോജന ശാലയും നിർമ്മിക്കുക, സുഗതകുമാരി സ്മൃതി വനം നിർമ്മിക്കുക, നടപ്പാത നിർമിക്കുക, കമ്പോസ്റ്റ് സോക്ക്പിറ്റ് നിർമ്മിക്കുക, ഡ്രൈനേജ് സംവിധാനമൊരുക്കുക, ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക, ആധുനിക രീതിയിലുള്ള ശൗചാലയം , കിണർ റി ചാർജ് സംവിധാനം എന്നിങ്ങനെ ഒട്ടനവധി പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ട് ഒരു സമഗ്ര വികസന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ആദ്യ പ്രവൃത്തി എന്ന നിലയിൽ ഭൂവികസന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി നിർവ്വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു, ജോയിന്റ് ബിഡിഒ സന്തോഷ് കുമാർ എ..വി, വി.ഇ.ഒ ജേക്കബ് ഉലഹന്നാൻ , എൻ.ആർ.ഇ.ജി.എ . എൻജിനിയർ സരുൺ കുമാർ , ഹെഡ്മാസ്റ്റർ പത്മാക്ഷൻ, എം. സുരേന്ദ്രൻ, എസ്.കെ ചന്ദ്രൻ, സി.വി ഗോപകുമാർ, രാജൻ, ഷീല, സീന, അദ്ധ്യാപിക സുമ എന്നിവർ സംസാരിച്ചു.