police

കണ്ണൂർ: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി. സന്തോഷ്‌കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.
കാസർകോട്, ബദിയുടക്ക, മഞ്ചേശ്വരം, നെടുമ്പാശേരി, എന്നിവിടങ്ങളിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലിനെ കുറിച്ചാണ് ആദ്യം പരിശോധിക്കുന്നത്. കൂടാതെ മറ്റ് ജില്ലകളിൽ നടന്ന കള്ളക്കടത്ത് സ്വർണക്കവർച്ച, കവർച്ചാശ്രമം എന്നിവ സംബന്ധിച്ചും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആവശ്യമെങ്കിൽ പുനഃരന്വേഷണവും നടത്തും. സ്വർണം നഷ്ടമായവരോ ആക്രമിക്കപ്പെട്ടവരോ പരാതി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

പണം പലിശയ്ക്ക് കൊടുക്കുന്നവർ, റിയൽ എസ്റ്റേറ്റുകാർ, ട്രക്ക്‌ലോറി ബിസിനസുകാർ, മരം കള്ളക്കടത്തുകാർ തുടങ്ങിയവരെല്ലാം സ്വർണക്കടത്ത് സംഘത്തിലുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. മണൽ മാഫിയ, സ്പിരിറ്റ് കടത്ത്, കുഴൽപ്പണ ഇടപാട്, സ്വർണക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ശൃംഖലകളുടെ അറ്റത്ത് രാഷ്ട്രീയ സാന്നിദ്ധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂർ വഴിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത്.