ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിനെ കേന്ദ്രസർക്കാരിന്റെ 'സഖി ' പ്രോജക്ടിൽ ഉൾപ്പെടുത്തി ദത്തെടുക്കുന്നതിന് ശിപാർശ നൽകി ജോൺ ബ്രിട്ടാസ് എം.പി. ഇതോടെ ഓരോ എം.പിമാർക്കും വികസനപദ്ധതികൾക്കായി വർഷം തോറും അനുവദിക്കുന്ന ഒരു കോടി രൂപയാണ് നടുവിൽ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കുക. അതോടൊപ്പം കേന്ദ്രസർക്കാരിൽ നിന്നും കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിയെ എം.പി അറിയിച്ചു.

കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വൈതൽമല, പാലക്കയംതട്ട് എന്നിവ നടുവിൽ പഞ്ചായത്തിലാണ്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമൊത്ത് ഇവിടം സന്ദർശിച്ച് ടൂറിസം വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കും. ജോൺ ബ്രിട്ടാസ് എം.പി. ആയതിനുശേഷം ആദ്യമായി ലഭിക്കുന്ന ഫണ്ട് നടുവിൽ ഗ്രാമപഞ്ചായത്ത് വികസനത്തിന് നീക്കിവെച്ചതിന് നന്ദി അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി പറഞ്ഞു.