ആലക്കോട്: ആറ് പതിറ്റാണ്ടുകാലം മലയോരത്തിന്റെ യാത്രാപദത്തിൽ രാജാവായിരുന്ന വാഹനമായിരുന്നു ജീപ്പ്. ചെളിയും കുഴികളും കയറ്റിറക്കങ്ങളും നിറഞ്ഞ മലമ്പാതകളിൽ 25 പേരെയും കയറ്റി കുലുങ്ങിക്കുലുങ്ങി കയറിപ്പോകുന്ന ഈ ജനകീയ വാഹനം മലയോരത്തിന്റെ ഗൃഹാതുര ഓർമ്മ കൂടിയാണ്. വാഹനം പൊളിക്കൽ നയത്തോടെ പഴയ മോഡൽ ജീപ്പുകളെല്ലാം പിൻവാങ്ങേണ്ടിവരുമെന്ന ആശങ്ക ജീപ്പുപ്രേമികൾക്കുണ്ട്.
കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ മലയോരത്തെ കാട്ടുപാതകളിൽ ഓടിയിരുന്നത് കൂപ്പുലോറികൾ മാത്രമായിരുന്നു. കുടിയേറ്റക്കാരായ ആളുകൾ കാട് വെട്ടിത്തെളിച്ച് കൃഷി വ്യാപകമാക്കിയതോടെ വാനുകൾ യാത്രയ്ക്കായി ഉപയോഗിച്ചുതുടങ്ങി. എന്നാൽ അധികം വൈകാതെ മൺപാതകളിൽ കൂടി നിറയെ യാത്രക്കാരെയും വഹിച്ചുകൊണ്ട്
വില്ലീസ് ജീപ്പുകൾ രാപ്പകൽ സർവ്വീസ് തുടങ്ങി. ആദ്യകാലത്ത് സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് സ്വന്തമായി ജീപ്പുകളുണ്ടായിരുന്നത്. പിന്നീട് സാധാരണക്കാർക്കും ജീപ്പ് വാങ്ങാവുന്ന സ്ഥിതി വന്നു.
ഡ്രൈവറെ കൂടാതെ അഞ്ച് പേർക്കാണ് ജീപ്പിൽ സഞ്ചരിക്കാൻ മോട്ടോർ വാഹനവകുപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും കടുത്ത യാത്രാക്ലേശമുള്ള പ്രദേശങ്ങളിൽ 20 മുതൽ 25 ആളുകളെ വരെ കയറ്റിക്കൊണ്ടു ജീപ്പുകൾ മലമ്പാതകളിലൂടെ ചീറിപ്പായുന്നത് ഏതാനും വർഷം മുമ്പ് വരെ മലയോരത്തെ സ്ഥിരം കാഴ്ചയായിരുന്നു. കാർഷിക ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടു പോകാനും ജീപ്പിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മിക്ക മലയോര ടൗണുകളിലെയും ജീപ്പ് സ്റ്റാൻഡുകൾ മനോഹരമായ കാഴ്ചയായിരുന്നു അക്കാലത്ത്.
റോഡുകൾ മെക്കാഡം ടാറിംഗിലേക്ക് മാറുകയും കാർഷിക വൃത്തിയിൽ നിന്നും പുതുതലമുറ പിന്നോക്കം പോകുകയും ചെയ്തതോടെ ബൈക്കുകളും കാറുകളുമൊക്കെ നിരത്തിൽ ആധിപത്യമുറപ്പിച്ചു. ഓട്ടോകൾ മലയോരത്തേക്ക് കടന്നുകയറിയതോടെ ജീപ്പുകൾ പൂർണ്ണമായും പിന്തള്ളപ്പെട്ടു. എന്നിരുന്നാലും ഏത് ടൗണുകളിൽ ചെന്നാലും ഒന്നോ,രണ്ടോ ജീപ്പുകൾ ഇപ്പോഴും ഓട്ടം പോകാൻ തയ്യാറായി കിടപ്പുണ്ടാകും.
ജനകീയ ജീപ്പ് സർവീസുകളാണ് മലയോരത്തെ പല ഉൾനാടുകളിലും ഇപ്പോഴും ആശ്രയം. മലയോര വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാൻ നേരത്തെ രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ആശ്രയിച്ചിരുന്നത് ഇത്തരം ജനകീയ ജീപ്പ് സർവീസുകളെയാണ്.
ആഡംബര ജീപ്പുകളുടെ കാലം
സാധാരണ ജീപ്പുകളുടെ ഉത്പാദനം 2010ൽ കമ്പനി നിർത്തിയിരുന്നു. ഇത്തരം കമ്പനികൾ പുതുക്കിയ ആഡംബര ജീപ്പുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത്. മഹീന്ദ്ര കമ്പനിയുടെ സാധാരണ ജീപ്പുകൾക്ക് പരമാവധി അഞ്ചരലക്ഷം രൂപ വരെ മാത്രമാണ് വിലയുണ്ടായിരുന്നത്. ഇതിന്റെ ഉത്പാദനമാണ് പത്ത് വർഷം മുൻപ് നിർത്തിയത്. പിന്നീട് ജീപ്പിന്റെ ഘടനയിൽ ചെറിയ മാറ്റംവരുത്തി ഥാർ എന്ന പേരിൽ പുതിയ മോഡൽ ജീപ്പ് പുറത്തിറക്കി. ഇപ്പോൾ എ.സി.അടക്കം ആധുനിക സൗകര്യത്തോടെയുള്ള ജീപ്പുകളാണ് പുറത്തിറക്കുന്നത്. ട്രക്കിംഗിനും സ്വകാര്യ യാത്രക്കൾക്കുമായി ഉപയോഗിക്കാൻ കഴിയുന്ന ഇത്തരം ആഡംബര ജീപ്പുകളുടെ വില സാധാരണക്കാരന് താങ്ങാൻ കഴിയില്ല.