മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ :ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അഴീക്കൽ തുറമുഖത്ത് വലിയ ചരക്കുകപ്പൽ എത്തിച്ചേർന്നു. ചരക്കുമായി കൊച്ചിയിൽ നിന്നു പുറപ്പെട്ട് ബേപ്പൂർ വഴി ഇന്നലെ രാവിലെ അഴീക്കലിൽ എത്തിയ എം. വി ഹോപ് സെവൻ കപ്പൽ കെ വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അഴീക്കലിൽ നിന്നുള്ള ആദ്യ ചരക്കു കപ്പൽ സർവീസ് ഇന്ന് രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പരിപാടിയിൽ കെ .സുധാകരൻ എം. പി, എം എൽ.എമാരായ കെ .വി. സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.
വിദേശത്തുനിന്നും വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽനിന്നും കൊച്ചിയിലെത്തുന്ന കണ്ടെയ്നറുകൾ കുറഞ്ഞ ചെലവിൽ മലബാറിലെ ജില്ലകളിലെത്തിക്കാൻ ചരക്ക് കപ്പൽ സഹായകമാവും. ഭാവിയിൽ മലബാറിൽനിന്നുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തിക്കാനും തീരദേശ കപ്പൽ പ്രയോജനപ്പെടും. റോഡ് വഴിയാണ് നിലവിലുള്ള ചരക്കുനീക്കം പൂർണമായും നടക്കുന്നത്.
ഇതിനേക്കാൾ 30 ശതമാനം കടുത്തുകൂലി സമുദ്ര മാർഗം കുറയുമെന്നതാണ് വാണിജ്യ സമൂഹത്തിനുള്ള ആശ്വാസം. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് വീതം സർവീസ് നടത്താനാണ് തീരുമാനം.