തലശ്ശേരി: കൊവിഡ് കാലത്ത് രാപകലില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് നഗരത്തിൽ താമസ സൗകര്യമില്ലാതെ വലയുകയാണ്. നഗരഹൃദയത്തിൽ പാലിശ്ശേരിയിലുള്ള പൊലീസ് ക്വാട്ടേഴ്സ് ബഹുനിലകെട്ടിട സമുച്ചയം ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലായി. ചോർന്നൊലിച്ച് വിള്ളൽ വീണ കെട്ടിടത്തിൽ ,വലിയ മരങ്ങൾ ചുമരിൽ മുളച്ച് പൊന്തിയിട്ട് വർഷങ്ങളായി.

കടൽ കാറ്റിൽ, ലോഹ ഭാഗങ്ങളത്രയും തുരുമ്പിച്ച് ഇല്ലാതായി. കട്ടിളകളും, ജനലുകളും ദ്രവിച്ച് കഴിഞ്ഞിട്ടുണ്ട്. അത്യന്തം അപകടകരമായ അവസ്ഥയിൽ അഞ്ച് ബ്ലോക്കുകളിലെ, 80 കുടുംബങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്.

ഡിവൈ.എസ്.പി ഓഫീസ്, സി.ഐ. ഓഫീസ്, പൊലീസ് സ്റ്റേഷൻ, ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ എന്നിവ ഈ ക്വാട്ടേഴ്സുകളിൽ നിന്നും ഒരു വിളിപ്പാട് മാത്രം അകലെയാണ്. അതുകൊണ്ടുതന്നെ പൊലീസുകാർക്ക് ക്വാട്ടേഴ്സിൽ എത്തിച്ചേരാനും, ഡ്യൂട്ടി ചെയ്യാനും ഏറെ സഹായകരവുമായിരുന്നു. വിദൂരങ്ങളിൽ നിന്നടക്കം ജോലിക്കെത്തുന്ന സേനാംഗങ്ങൾ താമസിക്കാനിടമില്ലാതെ ഏറെ വിഷമിക്കുകയാണ്. ജില്ലയിലെ ഏറ്റവും പ്രാധാന്യമുള്ള പൊലീസ് കേന്ദ്രമാണിത്.

കുടുസ് മുറികളിൽ നിന്ന് പലരും ഇറങ്ങി

1984 ൽ ആഭ്യന്തര മന്ത്രിയായിരുന്ന വയലാർ രവിയാണ് പൊലീസ് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടിരുന്നത്. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ മുറികൾ കുടുസ്സാണ്. കാറ്റും വെളിച്ചവും കടക്കാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ ഏഴ് ബ്ലോക്കുകളിൽ, രണ്ട് ബ്ലോക്കുകളിൽ മാത്രമേ കുടുംബങ്ങൾ താമസിക്കുന്നുള്ളു.