fish

കാട്ടാമ്പള്ളി: വളപട്ടണം പുഴയിൽ 'കായലോരം' സംഘം വലിയൊരു വിപ്ളവത്തിനാണ് 2019ൽ തുടക്കമിട്ടത്. പുഴയിൽ കൂടുകൾ സ്ഥാപിച്ച് തുടങ്ങിയ മത്സ്യകൃഷിയിൽ നിന്ന് ഇതുവരെ ഏകദേശം രണ്ടായിരം കിലോ മീൻ ഇവർ പിടിച്ച് വില്പന നടത്തിക്കഴിഞ്ഞു. ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത വിഷരഹിതമത്സ്യം വീടുകളിലേക്ക് എന്ന നീലവിപ്ളവം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാരാണ് കായലോരത്തിന്റെ പത്ത് അംഗങ്ങളെന്ന് ഒരുതരത്തിൽ പറയാം.

പി. ശിവദാസൻ പ്രസിഡന്റും കെ.പി. സുനിൽകുമാർ സെക്രട്ടറിയും എം.എ. ഷമീർ ട്രഷററുമായുള്ളതാണ് കായലോരം സംഘം. പദ്ധതിയുടെ അഞ്ച് ശതമാനം തുക അംഗങ്ങളും കൂടും മീൻ കുഞ്ഞുങ്ങളും തീറ്റയുമടക്കം ബാക്കി ചിലവ് ഫിഷറീസ് വകുപ്പും നൽകി. വള്ളുവൻ കടവിൽ ഇരുപതോളം പ്രത്യേക തരം കൂടുകൾ നിർമ്മിച്ചായിരുന്നു മത്സ്യകൃഷിക്ക് തുടക്കം. ഇതിൽ പന്ത്രണ്ടോളം കൂടുകളിൽ കരിമീൻ, കാളാഞ്ചി, വളോടി തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത് .

ജില്ലയിൽ ആദ്യമായി ചിറക്കൽ പഞ്ചായത്തിന് കീഴിലുള്ള ആദ്യത്തെ ഓരുജല കൂട് മത്സ്യകൃഷിയായിരുന്നു വള്ളുവൻകടവിലേത്. കഴിഞ്ഞ ഏപ്രിലിലാണ് വിളവെടുപ്പ് തുടങ്ങിയത്. കരിമീൻ 500, കാളാഞ്ചി 500- 550, വളോടി 300-350 എന്നിങ്ങനെയാണ് കിലോഗ്രാമിനു വില. ഓൺലൈൻ വഴി മൊത്തക്കച്ചവടക്കാർക്കാണ് ഭൂരിഭാഗവും വിറ്റത്. എന്നാൽ പ്രദേശവാസികൾക്കും വിൽപ്പന നടത്തിയിരുന്നു. വിഷ ഹിത നാടൻ മത്സ്യമെന്നതിനാൽ നിരവധി പേരാണ് വാങ്ങാനെത്തിയത്.

കാട്ടാമ്പള്ളി പുഴയിൽ കണ്ടുവരുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത പ്രത്യേകതരം കല്ലുമ്മക്കായ വലയിൽ പറ്റിപ്പിടിച്ച് വളരുന്നതാണ് ഈ കൃഷിയിൽ ഇവർ നേരിടുന്ന ഭീഷണി.

നാറാത്ത് കാട്ടാമ്പള്ളി പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചേർന്നുള്ള കാട്ടാമ്പള്ളി കായലോരം ഗ്രൂപ്പ് 2019 മാർച്ച് 19നാണ് കാട്ടാമ്പള്ളി പുഴയിൽ കൂടുമത്സ്യകൃഷി തുടങ്ങിയത്. ഏകദേശം 2000 കിലോ മീൻ ഇതുവരെ വില്പന നടത്തി. വിഷരഹിതമത്സ്യം ജനങ്ങളിലേക്ക് എന്ന സർക്കാർ നയം നടപ്പിലാക്കുകയാണ് ഞങ്ങൾ

പി. ശിവദാസൻ, പ്രസിഡന്റ്,

കായലോരം ഓരുജല മത്സ്യകൃഷി