കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള കാത്ത് ലാബും എന്ന് യാഥാർത്ഥ്യമാകുമെന്ന ചോദ്യമാണ് കാഞ്ഞങ്ങാട്ട് നിന്ന് ഉയരുന്നത്. ആശുപത്രി കെട്ടിടോദ്ഘാടനവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനവും ലേബർ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ഫെബ്രുവരിയിൽ നിർവഹിച്ചതാണ്. സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി പ്രവർത്തനം രണ്ട് മാസത്തിനകം ആരംഭിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.
ഉപകരണങ്ങൾ സജ്ജമാക്കുന്നതിനായി കെട്ടിടം നാഷണൽ ഹെൽത്ത് മിഷന് കൈമാറുകയാണെന്നും അറിയിച്ചിരുന്നു. 35 തസ്തികകൾ അനുവദിക്കുമെന്നും പറഞ്ഞെങ്കിലും ഒന്നും എവിടെയുമെത്തിയില്ല. 9.4 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 100 കിടക്കകളുള്ളതാണ് ആശുപത്രി. അഞ്ച് കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിലേക്ക് എൻ.എച്ച്.എം വാങ്ങുന്നത്. 35 തസ്തിക അനുവദിക്കുന്ന കാര്യത്തിൽ ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നാണ് അറിയിച്ചത്. 8 കോടി രൂപയാണ് കാത്ത് ലാബിന്റെ ചെലവ്. കിഫ്ബിയിൽ നിന്നാണ് തുക ലഭിച്ചത്. കാത്ത് ലാബിനായി ജില്ലാ ആശുപത്രിയിൽ ഉപകരണങ്ങൾ എത്തിയിട്ട് തന്നെ മാസങ്ങളായി. കാത്ത് ലാബ് പണിയുന്നതിനായി ഗൈനക്കോളജി ഉൾപ്പെടെ മാറ്റുകയും ചെയ്തു.
സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയും കാത്ത് ലാബും ജില്ലയിൽ സംസ്ഥാന സർക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന അന്നത്തെ മന്ത്രി ഇ.ചന്ദ്രശേഖരനും അറിയിച്ചിരുന്നു. അമ്മയും കുഞ്ഞും ആശുപത്രി തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭത്തിലാണ്.
വാഗ്ദാനങ്ങൾ ഏറെ
മെഡിക്കൽ കോളേജിൽ മാത്രം ലഭ്യമായ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ജില്ലാ ആശുപത്രിയിൽ തുടങ്ങും. ഒരാഴ്ചക്കുള്ളിൽ കാർഡിയോളജിസ്റ്റിനെ നിയമിക്കും. സിസിയു ഉടൻ ആരംഭിക്കും. സ്ട്രോക്ക് യൂണിറ്റ് ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണ്. മെഡിക്കൽ കോളേജാശുപത്രി നിർമ്മാണം പൂർത്തിയാവുകയാണ്.. അങ്ങിനെ പോകുന്നു ജില്ലാ ആശുപത്രിക്ക് ലഭിച്ച വാഗ്ദാനങ്ങൾ.
വെറുതെ കിടക്കുന്നത് 9.4 കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം
5 കോടിയുടെ ഉപകരണങ്ങൾ ആവശ്യം
35 തസ്തികകൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ
കാത്ത് ലാബിനുള്ള ഉപകരണങ്ങൾ നേരത്തെയെത്തി