നീലേശ്വരം: സംസ്ഥാന സർക്കാർ കാസർകോട് ജില്ലയിലെ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ അനുവദിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള മണ്ണുപരിശോധന ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കേരളത്തിൽ ആരംഭിക്കുന്ന ആദ്യത്തെ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളാണിത്. ഇതിനായുള്ള 10 ഏക്കർ ഭൂമി കോയിത്തട്ട കൊണ്ടോടിയിൽ റവന്യൂ വകുപ്പ് സർക്കാരിന് കൈമാറിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് അന്നത്തെ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലൻ തറക്കല്ലിട്ടു. 90 കോടി അടങ്കൽ പ്രതീക്ഷിക്കുന്ന സ്കൂളിന്റെ നിർമ്മാണത്തിന് പ്രാരംഭ ഘട്ടത്തിൽ 25 കോടി രൂപ അനുവദിച്ചു. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്കൂൾ. ആധുനികരീതിയിൽ അക്കാഡമിക്ക് ബ്ലോക്ക് , സ്റ്റാഫ് ക്വാട്ടേഴ്സ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റലുകൾ, ജംപിംഗ് പിറ്റുകൾ, ടെന്നീസ് ക്വാർട്ട്, സ്വിമ്മിംഗ് പൂൾ, ഫുട്ബാൾ, വോളിബാൾ കോർട്ടുകൾ, ട്രാക്കുകൾ, ഔട്ട്ഡോർ കോർട്ടുകൾ എന്നിവ നിർമ്മിക്കും.
കേന്ദ്ര സർക്കാർ അംഗീകാരമുള്ള , വാപ് കോസ് എന്ന അന്താരാഷ്ട്ര കമ്പനിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, വൈസ് പ്രസിഡന്റ് ടി.പി ശാന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ.വി , പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ് സ്ഥലം സന്ദർശിച്ചു.