കാഞ്ഞങ്ങാട്: നാളെ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.കെ ഗോപാലനും സെക്രട്ടറി രാഘവൻ വെളുത്തോളിയും അറിയിച്ചു. കൊവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സർക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകിൽ കളിക്കുന്നവർ ലക്ഷ്യമാക്കുന്നത്. ഭൂരിപക്ഷം കടകൾ തുറക്കുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേർക്കും കട തുറക്കാൻ അനുമതിയില്ലാത്ത ചൊവ്വാഴ്ച "കടയടപ്പ് " പറയുന്നവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണെന്നും ഇവർ ആരോപിച്ചു.
കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാൻ വ്യാപാരി വ്യവസായി സമിതി ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്നും രോഗവ്യാപന നിരക്ക് കുറയുന്ന മുറക്ക് ഇളവുകൾ നൽകി കമ്പോളത്തെ സജീവമാക്കി നിർത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.