പഴയങ്ങാടി: ഏഴോം ഗ്രാമത്തിലെ കൈപ്പാടുകളിൽ നെൽകൃഷിയിൽ വിസ്മയം തീർക്കുകയാണ് ഇവിടത്തെ കർഷകർ. 225 ഏക്കർ കൈപ്പാട് നെൽകൃഷി നടത്താനാണ് ഇത്തവണ പദ്ധതി. ഏഴോം ചൂട്ടയം, അവത്തേ കൈ, വെള്ളാച്ചേരി, ചുള്ളിക്കര, ചെങ്ങൽ, കണ്ണോം, കൊട്ടില, കോട്ടക്കീൽ പ്രദേശങ്ങളിലാണ് കൈപ്പാട് നെൽക്കൃഷി നടത്തുന്നത്. ഏഴോം മൂന്ന്, ഏഴോം നാല്, മിഥില ,കുതിര് എന്നീ നെൽവിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ, പാടശേഖര സമിതികൾ, കർഷക കൂട്ടായ്മ എന്നിവർ കൈപ്പാട് കൃഷി നടത്താൻ രംഗത്തുണ്ട്. സർക്കാരിൽ നിന്ന് തരിശ് നിലം കൃഷി ചെയ്യാൻ ഹെക്ടറിന് 35000 രൂപയും നേരത്തെ കൃഷി ചെയ്ത പ്രദേശത്ത് കൃഷി ചെയ്യാൻ ഹെക്ടറിന് 22000 രൂപയും ലഭിക്കുന്നുണ്ടെന്ന് ഏഴോത്തെ കർഷകനും കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി ട്രഷററുമായ കെ.വി കരുണാകരൻ പറയുന്നു.
ചില ഇടങ്ങളിൽ ചെമ്മീൻ കൃഷി നടത്തി സമയബന്ധിതമായി കൈപ്പാട് പ്രദേശത്ത് നിന്നും വെള്ളം ഇറക്കാൻ വൈകിയത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധി സൃഷ്ടിച്ചു. നേരത്തെ മഴ പെയ്തപ്പോൾ മൂട കൂട്ടാൻ പറ്റാത്ത പ്രശ്നങ്ങളും ഉണ്ടായി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മികച്ച വിളവ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ. ഏഴോം പഞ്ചായത്ത് കൃഷി ഭവന്റെ ഭാഗത്ത് നിന്നും കർഷകർക്ക് സഹായം ലഭിക്കുന്നുണ്ട്.