മട്ടന്നൂർ: മട്ടന്നൂർ -കണ്ണൂർ റോഡിൽ കൊതേരി നാഗവളവിൽ റോഡ് തകർന്നിട്ട് ഒരു വർഷമായിട്ടും പുതുക്കിപ്പണിയാൻ നടപടിയില്ല. നാഗവളവ് ടി.ടി.ഐ. കോളേജിന് മുന്നിലെ വളവിലാണ് റോഡരിക് ഇടിഞ്ഞു താഴ്ന്നത്. കലുങ്കിനോട് ചേർന്ന് എട്ടു മീറ്ററോളം നീളത്തിലാണ് റോഡ് തകർന്നു കിടക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പടെ ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് അപകട ഭീഷണി ഉയർത്തി കൈവരി അടക്കം തകർന്നു കിടക്കുന്നത്.ഇതുവഴി കടന്നു പോകുന്ന കൊളച്ചേരി കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പും കേബിളുകളും അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ജല അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു.
റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ലീഗിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. അപകട ഭീഷണിയിലുള്ള പൈപ്പ് ലൈൻ ജല അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി.നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റോഡിന്റെ പ്രവൃത്തി നടത്തിയാൽ മാത്രമേ പൈപ്പ് മാറ്റി സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇവർ പറയുന്നത്.