for

കണ്ണൂർ: ചാലാട്​ കു​ഴി​ക്കു​ന്നി​ൽ ഒൻപത് വയസുകാരിയെ കഴുത്തുഞെരിച്ച്​ കൊന്ന സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിക്കുന്ന്​ റോഡിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്​. അമ്മ വാഹിദ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന്​ മരുന്നുകഴിച്ചുവരികയാണെന്ന്​ പൊലീസ്​ പറഞ്ഞു.

ഇന്നലെ രാവിലെ എട്ടരയോടെയാണ്​​ സംഭവം. അമ്മയും മകളുമുള്ള മുറി ഏറെനേരം അടച്ചനിലയിൽ കണ്ടതോടെ രാജേഷ് നാട്ടുകാരുടെ സഹായത്തോടെ വാതിൽ ചവിട്ടിതുറക്കു​കയായിരുന്നു. കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന്​ രാജേഷ്​ ടൗൺ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

വാഹിദയെ ചോദ്യം ചെയ്​തപ്പോഴാണ്​​ കൊലപാതകമാണെന്ന്​ തെളിഞ്ഞത്​. അസുഖബാധിതയായ ത​ന്റെ മരണശേഷം മകൾ തനിച്ചാകുമെന്ന ചിന്തയെതുടർന്നാണ്​ കൊന്നതെന്ന്​ വാഹിദ പൊലീസിനോട്​ പറഞ്ഞു. ഗൾഫിലായിരുന്ന രാജേഷ്​ നാട്ടിലെത്തിയശേഷമാണ്​ ഏകമകൾക്കും ഭാര്യക്കുമൊപ്പം കു​ഴി​ക്കു​ന്നി​ലെ വീട്ടിൽ താമസം തുടങ്ങിയത്​. തലശേരി സ്വദേശിയായ വാഹിദയുടെ കുടുംബം വർഷങ്ങളായി കുടകിലാണ്​ താമസം. കുട്ടിയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.