പട്ടുവം: പട്ടുവം പാടശേഖരങ്ങളെ മേച്ചിൽ പുറമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ച പോത്തുകൃഷി നെൽകർഷകർക്ക് തലവേദനയായി. കർണാടകയിൽ നിന്നും കൊണ്ടുവന്ന മുതുകുടയിലെ ഒരു പോത്തിന് കുളമ്പുരോഗമുണ്ടെന്നറിഞ്ഞതോടെ പോത്തുകളെ വയൽമാറ്റി ഇളക്കാൻ തുടങ്ങിയതാണ് കൃഷിയിടങ്ങൾ നശിക്കാനിടയായത്. മംഗലശ്ശേരി, മുതുകുട ഈസ്റ്റ്- വെസ്റ്റ് പാടങ്ങളിൽ വൻതോതിൽ ഞാറ്റടി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞതവണ അപൂർവ നെല്ലിനമായ കൃഷ്ണ കാമോദ് കൃഷി ചെയ്ത മുതുകുട ഈസ്റ്റിലെ പുതിയപുരയിൽ കുഞ്ഞിരാമൻ എന്ന പരമ്പരാഗത കൃഷിക്കാരൻ കൃഷ്ണ കാമോദിന് പുറമെ ഇക്കുറി ചുകന്ന കുറുവ വിത്തും കൃഷി ചെയ്യാനൊരുങ്ങിയിരുന്നു. എന്നാൽ പോത്തുകൾ പറിച്ചുനട്ട നാട്ടിയിൽ വീണുകിടന്നു കൃഷി അലങ്കോലപ്പെടുത്തിയെന്നാണ് പരാതി.

കഴിഞ്ഞവർഷം പി.ഡബ്‌ള്യു.ഡിയിൽ നിന്നും വിരമിച്ച എക്സിക്യൂട്ടീവ് എൻജിനിയർ പി.കെ ദിവാകരൻ ഇത്തവണ ഇറക്കിയത് വയനാടൻ വിത്തായ ജീരകശാലയായിരുന്നു. അതും പോത്തുകൾ മേഞ്ഞുനടന്ന് നശിപ്പിച്ചതായി പറയുന്നു.

പോത്തുടമകൾ ചെറുകുറ്റി ചെളിയിൽ കുത്തി അതിലാണ് ഇവയെ തളയ്ക്കുന്നത്. ചെളിയിൽ ഉറക്കാത്ത കുറ്റിയും വലിച്ചു പോത്തുകൾ പരക്കെ മേഞ്ഞുനടക്കാൻ തുടങ്ങുന്നു. രാപകൽ ഇല്ലാതെ പോത്തുകൾ വയലിൽ തന്നെ കഴിയുന്നത് കൊണ്ട് ഏതുസമയത്താണ് നെൽക്കൃഷിയിൽ മേയാനെത്തുന്നതെന്ന് കാണുക പ്രയാസമാണെന്നും കർഷകർ പറയുന്നു.