ഇരിട്ടി: അയൽവീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടതിനെത്തുടർന്ന് ഭർത്താവിന്റെ ചായക്കട അയൽവാസി അടിച്ചുതകർത്തു. കൈകൊണ്ട് ചില്ലുകൾ അടിച്ചുതകർക്കുന്നതിനിടെ സാരമായി മുറിവേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി വള്ളിയാട് സ്വദേശിയും ഇന്റീരിയർ ഡിസൈൻ തൊഴിലാളിയുമായ ഹരീഷി (42 ) നെയാണ് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരിട്ടി നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണ് ഇയാൾ കൈകൊണ്ടും കടയിലുണ്ടായിരുന്ന സ്റ്റൂൾ ഉപയോഗിച്ചും അടിച്ചു തകർത്തത്.
ഹരീഷിന്റെ അയൽവാസിയായ അരുൺകുമാറാണ് കുറച്ചു മാസങ്ങളായി ദേവദാസ് നമ്പീശന്റെ കട വാടകക്കെടുത്ത് ചായക്കട നടത്തിവന്നിരുന്നത്. ഹരീഷും ഭാര്യയുമായി വീട്ടിൽ വഴക്കടിക്കുന്നതിൽ അരുൺകുമാറിന്റെ ഭാര്യ ഇടപെട്ടതാണ് ഹരീഷിനെ ചൊടിപ്പിച്ചതെന്നാണ് പറയുന്നത്. സാരമായി മുറിവേറ്റ് രക്തം വാർന്നുകൊണ്ടിരിക്കുന്ന കൈയുമായി ഹരീഷ് കാറുമായി ഇരിട്ടി മേലേ സ്റ്റാന്റിൽ എത്തുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഇരിട്ടി പൊലീസ് സ്ഥലത്തെത്തി ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവശനിലയിലായ ഇയാളെ പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.
കടയുടമയുടെ പരാതിയിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.