തലശ്ശേരി: ശ്രീനാരായണ ദർശനങ്ങളെ നെഞ്ചേറ്റുകയും, ജീവിതാന്ത്യം വരെ അതിന്റെ ശക്തനായ പ്രചാരകനായി മാറുകയും ചെയ്ത മനുഷ്യ സ്‌നേഹിയായിരുന്നു ഇന്നലെ വിട പറഞ്ഞ മൂഴിക്കര വി. ബാൽരാജ് . ഗുരുദേവ ചിന്തകളെ ഇത്രമേൽ സൂക്ഷ്മമായി വിശകലനം ചെയ്യുകയും, ജനസമൂഹത്തിലെത്തിക്കുകയും ചെയ്ത ഗുരുഭക്തന്മാർ ഉത്തര മലബാറിൽ അപൂർവ്വം. കലർപ്പില്ലാത്ത ഗുരുദേവ ഭക്തിയുടെ ആൾരൂപമായിരുന്ന ബാൽരാജിന്റെ മതം, മനുഷ്യസ്‌നേഹം മാത്രമായിരുന്നു.
ആത്മീയതക്കുമപ്പുറം, ഗുരുവിന്റെ ഭൗതിക വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകി അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ച് സ്ഥാപിച്ച, കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്‌ക്കാരിക കേന്ദ്രം, ഉദാത്തമായ മനുഷ്യസ്‌നേഹത്തിലൂന്നിയുള്ള കർമ്മ സരണിയുടെ നിദർശനമാണ്. പൊതുജനങ്ങൾക്ക് അറിവിന്റെ അനന്തമായ ലോകം തുറന്ന് കാട്ടുന്ന വിശാലമായ ശ്രീ നാരായണ ലൈബ്രറിയുണ്ടിവിടെ. വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷനും, തൊഴിൽ പരിശീലന കേന്ദ്രവും സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. മൂന്ന് പതിറ്റാണ്ടുകാലത്തോളം ചൊക്ലിയിലെ സുധാകരൻ ഡോക്ടരുടെ മേൽനോട്ടത്തിൽ സൗജന്യ രോഗപരിശോധനയും, മരുന്ന് വിതരണവും നടത്തിവന്നിരുന്നു. മെഗാ മെഡിക്കൽ ക്യാമ്പുകളും നടത്താറുണ്ട്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ച ബാൽരാജ്, നാട് ഏകസ്വരത്തിൽ ആദരിക്കുന്ന പൗരമുഖ്യനാണ്.
മൂഴിക്കര ടൗണിൽ വിജ്ഞാന വേദി വായനയുടെ സ്ഥാപകരിൽ പ്രമുഖനാണ് ബാൽരാജ്. ദീർഘകാലം അതിന്റെ പ്രസിഡന്റുമായിരുന്നു. മൂഴിക്കരയിലെ തന്റെ ടൈലറിംഗ് ഷോപ്പും, തുണിക്കടയും എന്നും നാട്ടു വിശേഷങ്ങളറിയാനും, നാടിന്റെ പ്രശ്നങ്ങളിൽ തീർപ്പ് കൽപ്പിക്കാനുമുള്ള ഇടമായിരുന്നു. പാവപ്പെട്ടവർ മരണപ്പെട്ടാൽ മൃതദേഹത്തെ ധരിപ്പിക്കാനുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകുകയെന്നത് ബാൽരാജിന്റെ പ്രത്യേകതയാണ്. തയ്യൽ തൊഴിലാളികളെ സംഘടിപ്പിക്കുകയും ,അവരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്ത ബാൽരാജ് സംഘടനയെ കെട്ടിപ്പടുക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു.
ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട സാംസ്‌ക്കാരിക പരിപാടികളിലും, ഗുരു ദർശന പ്രചാരണങ്ങളിലും വസുമിത്രൻ എഞ്ചിനീയർ, ചമ്പാടൻ വിജയൻ തുടങ്ങിയവർക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു. ശ്രീ നാരായണ സാംസ്‌ക്കാരിക കേന്ദ്രം, ഗുരുദർശനങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളുടേയും, സംവാദങ്ങളുടെയും സ്ഥിരം വേദിയാക്കി മാറ്റിയത് ഈ കൂട്ടായ്മയായിരുന്നു.