നീലേശ്വരം: രാജ്യത്ത് അനുവദിച്ച മൂന്നാമത്തെ യോഗ- നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് തറക്കല്ലിൽ നിന്നുയരാതെ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. 2019 ഫെബ്രുവരി 3നാണ് കിനാനൂർ - കരിന്തളം പഞ്ചായത്തിലെ തോളേനിയിൽ അന്നത്തെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീ പദ് നായ്ക്ക് തറക്കല്ലിട്ടത്.
തോളേനിയിൽ റവന്യു വകുപ്പ് കൈമാറിയ 15 ഏക്കർ സ്ഥലത്താണ് യോഗ നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടിരുന്നത്. എന്നാൽ തറക്കല്ലിട്ട് മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർ നടപടികളൊന്നും കൈ കൊണ്ടിട്ടില്ല. വീണ്ടും കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ തന്നെ അധികാരത്തിൽ വന്നെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള പ്രവർത്തികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.
കിനാനൂർ-കരിന്തളത്ത് തറക്കല്ലിട്ട യോഗ- നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട വിഷയം കരിന്തളത്തെ ബി.ജെ.പി. ഘടകം പല പ്രാവശ്യം സംസ്ഥാനത്തെ കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടില്ല. വിഷയത്തിൽ പാർട്ടി ജില്ലാഘടകം ഇടപെടാത്തതിനാൽ കിനാനൂർ കരിന്തളം ബി.ജെ.പി ഘടകം പാർട്ടി പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് അനുവദിച്ച യോഗ നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് പ്രാവർത്തികമാക്കാൻ കഴിയാത്തത് ജില്ല നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് കരിന്തളത്തെ ബി.ജെ.പി.പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്.
യോഗ- നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിനായി കിനാനൂർ - കരിന്തളം പഞ്ചായത്തിലെ തോളേനിയിലിട്ട തറക്കല്ല്