തളിപ്പറമ്പ്: അണമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലക്കാലം ചതിച്ചതിന്റെ പകപ്പിലാണ് കർഷക ജനത. മേടച്ചൂടിനെ വെല്ലുന്ന വെയിൽ നട്ടവയൊക്കെ വാട്ടിക്കളയുമ്പോൾ പൈപ്പ് ജലത്തെ ആശ്രയിക്കുകയാണ് ഇവരിൽ പലരും.
കുറുമാത്തൂർ പഞ്ചായത്തിലെ 50 ഏക്കറോളം വരുന്ന തീയ്യന്നൂർ പാടശേഖരം വിണ്ടുകീറിയ അവസ്ഥയിലുള്ളത്. മഴയെ ആശ്രയിച്ച് ഒറ്റവിളമാത്രമാണ് ചെയ്യുന്നത്. മറ്റ് സമയങ്ങളിൽ പച്ചക്കറി കൃഷി നടത്തുന്ന തീയ്യന്നൂർ വയലിലെ കൃഷി ആവശ്യത്തിന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുളത്തെയാണ് ഇപ്പോൾ കർഷകർ ആശ്രയിക്കുന്നത്. പറിച്ചുനട്ട ഞാറിനെ രക്ഷിക്കാൻ കുളത്തിൽ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ച് വയലുകളിൽ വെള്ളം നിറക്കുകയാണ് കർഷകർ.
കേരളീയരെ സംബന്ധിച്ച് അതിപ്രധാനമായ രണ്ട് കാലാവസ്ഥാ ഘടകങ്ങളാണ് ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും. രണ്ടിലും നമുക്ക് സമൃദ്ധമായ മഴ ലഭിക്കുന്നു. തിരുവാതിര ഞാറ്റുവേലക്ക് ഇടതടവില്ലാതെ
മഴ ലഭിക്കേണ്ടതാണ് എന്നാൽ ഇക്കുറി കടുത്ത ചൂടാണ്.കർഷകർ കുരുമുളക് പുതുതായി നടുന്നത് ഞാറ്റുവേലയിലാണ്.ഇതും നിന്നപോലെയാണ് ഉള്ളത്.ജില്ലയിലെ പല പാടശേഖരങ്ങളിലും നെല്ലിന് പൈപ്പുവെള്ളം എത്തിക്കുകയാണിപ്പോൾ. കർഷകരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തീയ്യന്നൂർ വയലിലെ നെൽകൃഷിയെ കാക്കുന്നതിന് ഇപ്പോൾ വെള്ളം നനയ്ക്കുന്നത്. ജലസമ്യദ്ധമാകേണ്ട' ഈ സമയത്ത് കൊവിഡിനൊപ്പം ഞാറ്റുവേലയും ചതിച്ചിരിക്കുകയാണ് കർഷകരെ.
ഞാറ്റുവേലകളിൽ അത്യുത്തമം
വിവിധ ഞാറ്റുവേലകളിൽ ഏറ്റവും ഉത്തമമമായി കണക്കാക്കുന്ന തിരുവാതിര ഞാറ്റുവേലയെയാണ്.
ജൂൺ 22 ചൊവ്വാഴ്ച പുലർച്ചെ 5 .38 മുതൽ ജൂലായ് 07 ബുധനാഴ്ച പുലർച്ചെ 5 .18 വരെയാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല.മേടം മുതൽ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ഉണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഒരോ ഞാറ്റുവേലയും 1314 ദിവസമാണ്. എന്നാൽ, തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടുനിൽക്കും.അശ്വതി മുതൽ രേവതി വരെയുള്ള ഒരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടർ പഴയ തലമുറ ഉണ്ടാക്കിയിരുന്നു.
തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ പെയ്യും എന്നാണു ചൊല്ല്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ എന്നുമുണ്ട് ചൊല്ല്.
സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത്. ഇതുപ്രകാരം തിരുവാതിര നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലമാണ് തിരുവാതിര ഞാറ്റുവേല.