കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തും. ഇതോടനുബന്ധിച്ച് കളക്ടറേറ്റിന് മുമ്പിലും പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് , മട്ടന്നൂർ, ഇരിട്ടി, ശ്രീകണ്ഠാപുരം മുൻസിപ്പൽ ഓഫീസിനു മുമ്പിലും രാവിലെ 10 മുതൽ 5 വരെ ഭാരവാഹികൾ ഉപവാസ സമരം നടത്തും.

സോണുകൾ നോക്കാതെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം നൽകുക, ആമസോൺ, ഫ്ലിപ്കാർട്ട്, പോലുള്ള ഓൺലൈൻ കുത്തക കമ്പനികൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ജനറൽ സെക്രട്ടറി പി. ബാഷിത്, എ.കെ.ഡി.എ ജനറൽ സെക്രട്ടറി താജ് ജേക്കബ് എന്നിവർ സംബന്ധിച്ചു.