തൃക്കരിപ്പൂർ: ഒരു കാലത്ത് തീരദേശ വാസികളുടെ ചികിത്സാ സൗകര്യമായിരുന്ന തൃക്കരിപ്പൂർ കടപ്പുറം വീക്കിലി ആശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കം. അരനൂറ്റാണ്ടു മുൻപ് പണിത കെട്ടിടം ഏതു സമയത്തും തകർന്നേക്കുമെന്ന ആശങ്കയിൽ, കേന്ദ്രത്തിന്റെ പ്രവർത്തനം ഒരു വർഷം മുമ്പെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.

പ്രദേശം തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്താണ് കടലിനും കായലിനും ഇടയിൽ കഴിയുന്ന ഇവിടുത്ത ജനങ്ങളുടെ യാത്രാ സൗകര്യത്തിന്റെ അപര്യാപ്തത പരിഗണിച്ച് വലിയപറമ്പയിലെ തൃക്കരിപ്പൂർ കടപ്പുറത്ത് ആഴ്ചയിൽ ഒരുദിവസം പ്രവർത്തിക്കുന്ന ആശുപത്രി 1970-ൽ പ്രവർത്തനമാരംഭിച്ചത്. തൃക്കരിപ്പൂർ കടപ്പുറത്തെ പ്രമുഖ വ്യക്തിയും കർഷകനുമായിരുന്ന പരേതനായ വി.പി മൂസ ഹാജി ആരോഗ്യ വകുപ്പിന്ന് സൗജന്യമായി നൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് നിലവിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹകരണത്തോടെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ ആശുപത്രിക്കായി നിർമിച്ച കെട്ടിടവും സ്ഥലവും ഉൾപ്പെടെ വലിയപറമ്പ് പഞ്ചായത്ത്‌ രൂപീകരണത്തോടെ വലിയപറമ്പ് പഞ്ചായത്തിന്റെതായി മാറി. പഞ്ചായത്ത്‌ രൂപീകരിച്ചിട്ട് വർഷങ്ങൾ ഏറെയായിട്ടും കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതി രൂപീകരിച്ചില്ലെന്നാണ് ആക്ഷേപം. നിലവിൽ ഡോക്ടറും പാരാ മെഡിക്കൽ സ്റ്റാഫും ആഴ്ചയിൽ ഒരു ദിവസം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെത്തി ഒ.പി ചികിത്സ നടത്തുകയാണിപ്പോൾ. നേരത്തെ ഗർഭിണികളുടെ ചികിത്സയ്ക്കും മറ്റുമായി ഇവിടെ പ്രത്യേക ജീവനക്കാർ ‌ ഉണ്ടായിരുന്നു.

വീക്കിലി ആശുപത്രി ഇവിടെ മാത്രം

മുൻ മന്ത്രി പരേതനായ എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ തീരപ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക ചികിത്സയ്ക്കായാണ് ആശുപത്രി സ്ഥാപിച്ചത്. കേരളത്തിൽ ഇങ്ങനെയൊരു വീക്കിലി ആശുപത്രി സംവിധാനം ഉള്ളത് തൃക്കരിപ്പൂർ കടപ്പുറത്ത് മാത്രമാണെന്നാണ് വിവരം. ഉപയോഗശൂന്യമായ ഈ ആരോഗ്യ കേന്ദ്രം പൊളിച്ചുമാറ്റി കൂടുതൽ സൗകര്യമുള്ള കെട്ടിടം പണിത് ദിവസവും പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററായി സ്ഥാപനത്തെ ഉയർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

തൃക്കരിപ്പൂർ കടപ്പുറം വീക്കിലി ഡിസ്‌പെൻസറി പുതുക്കി പണിയാനുളള ഏഴു ലക്ഷം രൂപയുടെ പദ്ധതി പഞ്ചായത്ത് ഉണ്ടാക്കിയിരുന്നു. എന്നാൽ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാനുള്ള 37 ലക്ഷം രൂപയുടെ എൻ.ആർ.എച്ച്.എം. ഫണ്ട് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. സമീപ ഭാവിയിൽ തന്നെ ആ ഫണ്ട് ലഭിച്ചാൽ പുതിയ കെട്ടിടം സാദ്ധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

വി.വി.സജീവൻ, പ്രസിഡന്റ്, വലിയപറമ്പ പഞ്ചായത്ത്.