mvd

കണ്ണൂർ: കാത്തിരുന്ന് കാത്തിരുന്ന് സ്ഥാനക്കയറ്റത്തിന്റെ ഉത്തരവിറങ്ങിയിട്ടും നിയമനം നടത്താതെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു. ഉത്തരവുണ്ടല്ലോ, നിയമനം പിന്നാലെ വരുമെന്നതാണ് ഉത്തരവാദപ്പെട്ടവരുടെ നിലപാട്. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സർക്കാർ സർവീസിൽ ഒഴിവുകൾ നികത്തുന്നുണ്ടെന്നും ഒരു തരത്തിലുള്ള നിയമനനിരോധനവും ഇല്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴുമാണ് സർക്കാരിന്റെ പ്രധാന വകുപ്പിൽ പ്രമോഷൻ കാര്യത്തിൽ അപ്രഖ്യാപിത നിരോധനം .

ഏറ്റവും താഴെത്തട്ടിലുണ്ടാകുന്ന ഒഴിവുകൾക്കനുസരിച്ചാണ് പി.എസ് .സി ലിസ്റ്റിൽ നിന്നുള്ള പുതിയ നിയമനങ്ങളും നടത്തേണ്ടത്. പ്രമോഷൻ വൈകുന്നത് പി.എസ്. സി ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ഭാവിയും കട്ടപ്പുറത്താകും.

ഹെഡ് അക്കൗണ്ടന്റ്, ഹെഡ് ക്ലർക്ക്, പി.ആർ.ഒ തുടങ്ങിയ തസ്കികയിലുള്ളവരെ ജൂണിയർ സൂപ്രണ്ടുമാരായാണ് പ്രമോഷൻ നൽകിയത്. കഴിഞ്ഞ വർഷം തയാറാക്കിയ പട്ടികയിൽ ഓപ്പൺ വേക്കൻസികൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിപ്പോർട്ട് ചെയ്തത്. ഓപ്പൺ വേക്കൻസികൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ പട്ടികയിലുള്ള ക്രമപ്രകാരം ഉദ്യോഗക്കയറ്റം നൽകി നിയമിക്കണമെന്നാണ് കേരള സർവീസ് റൂളിൽ നിഷ്‌കർഷിക്കുന്നത്.

പിൻസീറ്റ് ഡ്രൈവിംഗ്

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളതിനാലായിരുന്നു ഉദ്യോഗക്കയറ്റം വൈകിയതെന്നായിരുന്നു അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ മേയിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഇതു സംബന്ധിച്ച നടപടികൾ ഉണ്ടായിട്ടില്ല.
ഉദ്യോഗക്കയറ്റ പട്ടികയിൽ ചിലരുടെ താത്പര്യം സംരക്ഷിക്കാൻ ഭരണ സ്വാധീനമുള്ള ചിലരുടെ ഇടപെടലുകളാണ് ഇതിനു പിന്നിൽ.ഭരണാനുകൂല വിഭാഗത്തിലെ ചില ജീവനക്കാർ തങ്ങൾക്ക് ഇഷ്ടപ്പെട്ടതും സൗകര്യപ്രദങ്ങളുമായ സ്ഥലങ്ങൾ നോട്ടമുണ്ട്. ഇപ്പോഴുള്ള പട്ടികയിലെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം ഉദ്യോഗക്കയറ്റം നൽകിയാൽ ഈ സ്ഥലങ്ങളിൽ ആദ്യം നിയമനങ്ങൾ നടത്തണം. അങ്ങിനെയായാൽ ഇവിടങ്ങളിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്നവരെ മറ്റിടങ്ങളിൽ നിയമിക്കേണ്ടി വരും. ഇതു തടയിടാൻ വകുപ്പിൽ രാഷ്ട്രീയമായി നടത്തിയ ഇടപെടലുകളാണ് പ്രമോഷൻ വൈകിപ്പിക്കുന്നതെതിനു പിന്നിലെന്നും ആരോപണമുണ്ട്.
പ്രമോഷൻ വൈകുന്നത് പട്ടികയിലുള്ളവരുടെ സർവീസ്, പെൻഷൻ എന്നിവയെയും പ്രതികൂലമായി ബാധിക്കും. ജൂണിയർ സൂപ്രണ്ട് തസ്തികയിൽ നിയമനം ലഭിച്ചാൽ ഒരു വർഷം പ്രൊബേഷൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട്.