കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 7.90 ലക്ഷം രൂപ കവർന്ന സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരി പൂവ്വത്തൂർ സ്വദേശി ഇ. പ്രകാശൻ, കൂത്തുപറമ്പിനടുത്ത നരവൂർ സ്വദേശി പി.കെ അക്ഷയ് എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റു ചെയ്തത്. കവർച്ചയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെട്ട സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്‌കൂട്ടറിൽ പതിച്ച ഹോണ്ട എന്ന സ്റ്റിക്കർ പ്രതികൾ മറച്ചിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സ്‌കൂട്ടർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അക്രമത്തിനിരയായ സ്വരാജിന് പ്രകാശനെ കുറിച്ചുള്ളസംശയവും കേസ് തെളിയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. അറസ്റ്റിലായ പ്രകാശനും അക്ഷയയും ബന്ധുക്കളാണ്. ഇരുവരും ചേർന്ന് നടത്തിയ മൾട്ടി ലെവൽ മാർക്കറ്റിംഗിലെ കടബാധ്യതയാണ് കവർച്ച ആസൂത്രണം ചെയ്യാൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രകാശൻ നേരത്തെ ഈ പെട്രോൾ പമ്പിൽ ജോലി ചെയ്തതു കൊണ്ട് പണം ബാങ്കിലടക്കാൻ പോകുന്ന സമയം അറിയാമായിരുന്നു. കവർച്ച ചെയ്ത പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവസ്ഥലത്ത് നിന്നും കിട്ടിയ പെടോൾ പമ്പ് ഉടമയ്ക്കുള്ള ഭീഷണിക്കുറിപ്പ് അന്വേഷണം വഴിതിരിച്ച് വിടാനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴവളപ്പിൽ, കണ്ണവം സി.ഐ കെ.സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു