pink
പിങ്ക് പൊലീസ്

തളിപ്പറമ്പ്: സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് പട്രോൾ ഇനി തളിപ്പറമ്പിലും. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2017 ൽ പ്രവർത്തനമാരംഭിച്ച പിങ്ക് പൊലീസിന്റെ സേവനം കണ്ണൂരിലും തലശ്ശേരിയിലും മാത്രമാണ് നിലവിലുള്ളത്. രണ്ടാഴ്ചകൾക്കകം തളിപ്പറമ്പിലും പിങ്ക് പൊലീസിന്റെ പ്രവർത്തനം ആരംഭിക്കും.

രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പന്ത്രണ്ട് മണിക്കൂർ നേരമാണ് പിങ്ക് പട്രോൾ പ്രവർത്തിക്കുക. ഒരു ഓഫീസറും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ഒരു ഡ്രൈവറും ഉൾപ്പെടുന്നതാണ് യൂണിറ്റ്. ഇതിനാവശ്യമായ വാഹനം തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. വനിതാ ഡ്രൈവറുടെ പരിശീലനം പൂർത്തിയാവുന്ന മുറയ്ക്കാണ് പിങ്ക് പട്രോൾ പ്രവർത്തനം ആരംഭിക്കുക.

1515 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും. പിങ്ക് പട്രോൾ പൊലീസിന്റെ വാഹനങ്ങളിൽ അത്യാധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.