തലശ്ശേരി: പഴക്കച്ചവടത്തിന് ശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട ഉന്തുവണ്ടി ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. കുറ്റ്യാടി സ്വദേശി യൂസഫിന്റെ ഉപജീവന മാർഗ്ഗമാണ് കത്തിയത്. നാരങ്ങ, മുന്തിരി, ആപ്പിൾ, നെല്ലിക്ക തുടങ്ങിയവ വിൽപന നടത്തിയ ശേഷം ബാക്കി വന്നത് വണ്ടിയിൽ തന്നെ പൊതിഞ്ഞു കെട്ടിവച്ചതായിരുന്നു. പതിവ് പോലെ ഇന്നലെ രാവിലെ കച്ചവടത്തിനായി എത്തിയപ്പോഴാണ് എല്ലാം കത്തിയതായി കാണപ്പെട്ടതെന്ന് യൂസഫ് പറഞ്ഞു. പൊലീസിലും നഗരസഭാ അധികൃതർക്കും പരാതി നൽകി. വർഷങ്ങളായി ഇദ്ദേഹം ഇവിടെ വഴിയോരക്കച്ചവടം ചെയ്തുവരികയാണ്.