നീലേശ്വരം: കാസർകോട് ജില്ലയിൽ ഏറ്റവും അധികം വാഹനങ്ങൾ നിറഞ്ഞു കിടക്കുന്ന നീലേശ്വരം പൊലീസ് സ്‌റ്റേഷൻ വളപ്പിൽ നിന്നും വാഹനക്കൂമ്പാരം ഒഴിവാക്കാനുള്ള നടപടികൾ പണ്ടേ പൂർത്തിയായെങ്കിലും പൊലീസ് സ്റ്റേഷൻ വളപ്പിൽ ഇന്നും വാഹനങ്ങൾ കാട് മൂടി ബാക്കിയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് ഒന്നര വർഷം മുമ്പ് നടത്തിയ കേന്ദ്രീകൃത ലേലത്തിലാണ് ജില്ലയിലെ സ്റ്റേഷനുകളിൽ നിന്ന് പഴകിദ്രവിച്ച വാഹനങ്ങൾ നീക്കാൻ നടപടിയായത്.

എം.എസ്.ടി.സി. പാലക്കാട്ടുള്ള ഒരു കമ്പനി വഴി ഓൺലൈൻ ലേലം നടത്തിയായിരുന്നു വാഹനങ്ങൾ വിറ്റത്. ലേലത്തിലൂടെ ഇതിനകം 227 വാഹനങ്ങൾ കൈമാറി. റവന്യൂ വകുപ്പിൽ നിന്നും 205 വാഹനങ്ങളും പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി. വിവിധ കേസുകളിൽപ്പെട്ട് പൊലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയ 136 വാഹനങ്ങളും ഉൾപ്പെടെ 478 വാഹനങ്ങൾ ഇ ലേലം വഴി വിൽക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അറിയുന്നത്. 136 വാഹനങ്ങളുടെ ലേല നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പറയുന്നു.

10 വർഷവും കഴിഞ്ഞു

നീലേശ്വരം പൊലീസ് സ്റ്റേഷൻ വളപ്പിലും മുന്നിലെ ദേശീയപാതക്കരികിലുമായാണ് വാഹനങ്ങൾ കാട് മൂടി കിടക്കുന്നത്. 10 വർഷത്തിലധികമായി പിടിച്ചടുത്ത വാഹനങ്ങൾ പൊളിച്ചെടുത്ത് ഇരുമ്പ് വിലക്ക് കൊടുക്കണമെന്നാണ് പറയുന്നത്. 10 വർഷത്തിലേറെയായുള്ള വാഹനങ്ങളാണ് ഇപ്പോൾ നീലേശ്വരം സ്റ്റേഷനിലുള്ളത്.

കുരുക്കുണ്ടാക്കുന്നു

ഇപ്പോൾ തന്നെ നിരവധി വാാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് ദേശീയപാതയോരത്ത് കിടക്കുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിിന് മുമ്പായി ഇവിടെ നിന്ന് വാഹനങ്ങൾ മാറ്റേണ്ടതുണ്ട്. പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനങ്ങൾ കൂട്ടിയിട്ടത് ഗതാഗത തടസ്സവും സൃഷ്ടിക്കുന്നുണ്ട്.