കണ്ണൂർ: കൊവിഡ് രോഗവ്യാപന നിരക്കനുസരിച്ച് നടപ്പാക്കുന്ന കടയടപ്പ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ നടത്തിയ ഹർത്താൽ ജില്ലയിൽ പൂർണം. നഗരത്തിൽ ഉൾപ്പെടെ കടകൾ മുഴുവനായി അടഞ്ഞുകിടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരമാണ് കടയടപ്പ് സമരം നടന്നത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, മത്സ്യ തൊഴിലാളി വിതരണ യൂനിയൻ, കേരള കോക്കനട്ട് ഓയിൽ മാനുഫാക്‌ചേഴ്സ് യൂനിയൻ, കേരള റീടെയ്ൽ ഫൂട്‌വെയർ അസോസിയേഷൻ, ഇലക്ട്രിക്കൽ ആൻഡ് സെക്യൂരിറ്റി അസോസിയേഷൻ, കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കടകൾ അടച്ചു.

മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് മിക്കയിടത്തും തുറന്നത്. ബസുകളിൽ യാത്രക്കാരുടെ എണ്ണവും കുറവായിരുന്നു. കൃത്യമായി കടകൾ തുറക്കാൻ സാധിക്കാത്തതുമൂലം പലരും ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരികൾ പറയുന്നു. പണിമുടക്കിയ വ്യാപാരികൾ കളക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചു. മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് അദ്ധ്യക്ഷത വഹിച്ചു. സി.സി. വർഗീസ്, രാജ് ജേക്കബ്, രാജൻ തീയറേത്ത്, പി. അയൂബ്, ഇ.പി. പ്രമോദ്, കെ.വി. സതീശൻ, ടി. അജിത്ത് സംസാരിച്ചു.