കാസർകോട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി / പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. പട്ടികജാതി/പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ പിലിക്കോട് ഡിവിഷനിൽ നിന്നുള്ള എൽ.ഡി.എഫ് അംഗം എം. മനു തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ നാരായണ നായകിനെതിരെ രണ്ടിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് എം. മനു വിജയിച്ചത്. നാല് വനിതാ അംഗങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് അഞ്ച് പേർ മത്സരരംഗത്തുണ്ടായെങ്കിലും ബി.ജെ.പിയുടെ നാമനിർദേശ പത്രിക തള്ളി. പിന്താങ്ങാൻ ആളില്ലാത്തതിനാലാണിത്. എടനീരിലെ ശൈലജ എം ഭട്ട് ആണ് ബി.ജെ.പിയുടെ ഏക വനിതാ അംഗം.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ കരിന്തളത്ത് നിന്നുള്ള എൽ.ഡി.എഫ് അംഗം കെ. ശകുന്തള, ബേഡകത്ത് നിന്നുള്ള എൽ.ഡി.എഫ് അംഗം അഡ്വ. എസ്.എൻ സരിത, ഉദുമയിൽ നിന്നുള്ള യു.ഡി.എഫ് അംഗം ഗീതാ കൃഷ്ണൻ, സിവിൽ സ്റ്റേഷനിൽ നിന്നുള്ള യു.ഡി.എഫ് അംഗം ജാസ്മിൻ കബീർ ചെർക്കളം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിലെ 10 അംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടക്കേണ്ടത്.
പട്ടികജാതി/പട്ടിക വർഗം വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ആളില്ലാത്തതിനാൽ മാറ്റി. ജനറൽ വിഭാഗത്തിലേക്കുള്ള നാല് അംഗങ്ങളുടെ തിരഞ്ഞെടുപ്പും പിന്നീട് നടക്കും. കലക്‌ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നഗരസഭകളിൽ നിന്നുള്ള രണ്ടംഗങ്ങളെ തിരഞ്ഞെടുക്കാൻ ബുധനാഴ്ച 11 മണിക്ക് കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലാ പഞ്ചായത്തിൽ നിന്നും മത്സരിക്കാൻ ആളില്ലാത്തതിനാൽ മാറ്റിയ പട്ടികജാതി/പട്ടിക വർഗം വനിതാ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പായിരിക്കും ഇവിടെ ആദ്യം നടക്കുക. ഇവിടെയും മത്സരിക്കാൻ ആളില്ലാതെ വന്നാൽ ജൂലായ് 9 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇത് പട്ടികജാതി/പട്ടിക വർഗം ജനറൽ ആക്കിയ ശേഷം തിരഞ്ഞെടുപ്പ് നടത്തും. ഇതേ യോഗത്തിൽ വെച്ചാവും ജനറൽ വിഭാഗത്തിലെ നാല് അംഗങ്ങളെയും തിരഞ്ഞെടുക്കുക.