കണ്ണൂർ: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയുള്ള എ, ബി വിഭാഗങ്ങളിൽപെട്ട തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമേ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കൂ എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.
പുതുക്കിയ മാർഗ നിർദ്ദേശ പ്രകാരം ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉൾപ്പെടുക. 15ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലാണ് വരിക. നാളെ മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണങ്ങളെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ ടി.പി.ആർ നിരക്ക് അഞ്ചിൽ താഴെയുള്ളത് മലപ്പട്ടം, ന്യൂമാഹി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ മാത്രമാണ്.
10ൽ താഴെയുള്ള 28 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 15ൽ താഴെയുള്ള 30ഉം 15നു മുകളിലുള്ള 20ഉം തദ്ദേശ സ്ഥാപനങ്ങളുണ്ട്. ടി.പി.ആർ 10ൽ കുറവായ എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാൻ അനുമതിയുണ്ട്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കൂടുതൽ അനുവദനീയമല്ല.
എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.
കടുത്ത നിയന്ത്രണം ഇവിടെ
ആന്തൂർ മുനിസിപ്പാലിറ്റി, ആലക്കോട്, കടന്നപ്പള്ളി -പാണപ്പുഴ, പടിയൂർ, കണ്ണപുരം, പരിയാരം, പാട്യം, ചപ്പാരപ്പടവ്, കാങ്കോൽ- ആലപ്പടമ്പ, കുറ്റിയാട്ടൂർ, അഴീക്കോട്, ചെമ്പിലോട്, ചിറക്കൽ, എരമം- കുറ്റൂർ, ചെറുതാഴം, പട്ടുവം, പെരിങ്ങോം- വയക്കര, തൃപ്പങ്ങോട്ടൂർ, കൊളച്ചേരി, പെരളശ്ശേരി പഞ്ചായത്തുകൾ.