കണ്ണൂർ: കൊവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കുന്നതിനായി കഴിഞ്ഞ അക്കാഡമിക വർഷം കണ്ണൂർ ഡയറ്റ് വിവര വിനിമയ സാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്ക് നൽകിയ പരിശീലനം ഉണ്ടാക്കിയത് വൻനേട്ടം. പരിശീലന പരിപാടി അദ്ധ്യാപകരിൽ ഗുണപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ടാണ് പഠനങ്ങൾ നൽകുന്ന വിവരം. ഇതിന്റെ തുടർച്ചയായി ഈ അക്കാഡമിക വർഷവും വിവിധ വിദ്യാഭ്യാസ സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോമുകളെയും പഠന തന്ത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി സ്മാർട്ട് ടീച്ചർ 2.0 എന്ന പേരിൽ കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ പരിശീലനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായി ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കലാണ് പ്രധാന ലക്ഷ്യം.
കഴിഞ്ഞ വർഷത്തെ പരിശീലനത്തിന്റെ തുടർച്ച എന്ന നിലയിൽ പുതിയ പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാനും നിലവിൽ പരിചയപ്പെട്ടവയുടെ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിയുന്നതിനും പരിശീലനം സഹായകരമാകും. കൈറ്റ് വിക്ടേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫസ്റ്റ് ബെൽ പഠനപരിപാടിയുടെ തുടർ പഠനൃക്ലാസുകൾ വിദ്യാലയങ്ങളിൽ ഫലപ്രദമായി നടക്കുന്നുണ്ട്. ഇതിന് കൈത്താങ്ങാവുകയും കൊവിഡ് കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരേണ്ടതും അത്യാവശ്യമാണ്. ഇതിനായാണ് കണ്ണൂർ ഡയറ്റിന്റെ എഡ്യൂക്കേഷൻ ടെക്‌നോളജി വിഭാഗം ജില്ലയിലെ മുഴുവൻ അദ്ധ്യാപകർക്കും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ടൂളുകളും പരിചയപ്പെടുത്തുന്നതിനായി സ്മാർട്ട് ടീച്ചർ 2.0 എന്ന പേരിൽ മൂന്നുദിവസത്തെ ഐ.സി.ടി പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ടീച്ചർ 2.0 എന്ന പേരിൽ കണ്ണൂർ ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ജീവൻബാബു നിർവ്വഹിച്ചു. കണ്ണൂർ ഡി.ഡി.ഇ മനോജ് മണിയൂർ അദ്ധ്യക്ഷത വഹിച്ചു. ശിവൻ, പി.എൻ ആർ.ഡി.ഡി, ഷെൽവമണി വി.എച്ച് എസ്.ഇ, അശോകൻ ടി.പി എസ്എസ് കെ കണ്ണൂർ, കെ. പ്രദീപൻ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ എന്നിവർ സംസാരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ് കുമാർ സ്വാഗതവും ഡയറ്റ് സീനിയർ ലക്ചറർ ഡോ. രാജേഷ് കെ.പി നന്ദിയും പറഞ്ഞു. ഡയറ്റ് ഫാക്കൽട്ടി അംഗങ്ങളായ ഡോ. കെ വിനോദ് കുമാർ, ഇ.വി സന്തോഷ് കുമാർ, കെ. ബീന, അനുപമ ആർ എന്നിവരാണ് ക്ലാസെടുത്തു.