mp
ബോട്ട് അപകടത്തിൽ മരണപ്പെട്ട കാർത്തിക്കിന്റെ വീട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിക്കുന്നു

കാസർകോട്: മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കാസർകോട് അഴിമുഖത്തെ അശാസ്ത്രീയമായി നിർമ്മിച്ച പുലിമുട്ടിന്റെ അപാകത പരിഹരിക്കൽ, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളിൽ ബോട്ടുകൾ എന്നിവക്കായി സജീവമായി ഇടപെടൽ നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവർക്കും, ഗുരുതരമായി പരിക്ക് പറ്റിയവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വള്ളം മറിഞ്ഞു മരിച്ചവരുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ.

അപകടത്തിൽ മരണപ്പെട്ട രതീഷിന്റെ ഭാര്യ ഭർത്താവിന്റെ മരണത്തെ തുടർന്ന് അനാഥമായിരിക്കുകയാണ്. രണ്ടു വയസും, എട്ടുമാസവും പ്രായമുള്ള കുട്ടികൾ ഉള്ള ഇവർക്ക് സർക്കാർ ജോലി നൽകണം, മരണപ്പെട്ട കാർത്തിക്ക് മൂന്നുതവണ ക്ഷേമനിധിയിൽ അംഗമാകാൻ അപേക്ഷിച്ചെങ്കിലും നിരസിക്കുകയാണുണ്ടായത്. മരണത്തിന് ഒരാഴ്ച മുമ്പ് വീണ്ടും ക്ഷേമനിധിയിൽ അംഗമാകാൻ അപേക്ഷ നൽകുകയും അധികൃതർ സ്വീകരിക്കുകയും ചെയ്ത സ്ഥിതിക്ക് ഫിഷറീസ് വകുപ്പിന്റെ ക്ഷേമനിധി ബോർഡിൽ നിന്നുള്ള നഷ്ടപരിഹാരവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആർ. ഗംഗാധരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, ജി. നാരായണൻ, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി എന്നിവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു.