കണ്ണൂർ: വായനയെന്നത് വൈയക്തികമായ അനുഭൂതികൾ നൽകുന്ന പ്രക്രിയ മാത്രമല്ലെന്നും അത് സമൂഹത്തെയാകമാനം പുതുക്കിപ്പണിയുന്നതിനുള്ള ശക്തമായ ആയുധമാണെന്നും നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. സംസ്ഥാന സർക്കാരും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായന വിമോചനത്തിന്റെ ആയുധമാണ്. സമൂഹത്തെ വിമോചിപ്പിക്കുന്ന രാഷ്ട്രീയ പ്രക്രിയ കൂടിയാണത്. അതുകൊണ്ടുതന്നെ നിലവിലെ അധികാര സംവിധാനങ്ങൾ തുടരണമെന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വായന വലിയ അലോസരമാണ് സൃഷ്ടിക്കുന്നത്. സ്റ്റാൻ സ്വാമിയെ പോലെ വായിക്കുകയും ചിന്തിക്കുകയും സമൂഹത്തിലെ അനീതിക്കും അസമത്വത്തിനുമെതിരെ ശബ്ദിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.വി ഗോവിന്ദൻ വായനാ സന്ദേശം നൽകി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു നിർവഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ, കരിവെള്ളൂർ മുരളി, കോർപറേഷൻ കൗൺസിലർ അഡ്വ. പി.കെ അൻവർ, എം.കെ രമേഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ വിജയൻ സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി സ്‌നേഹ ഗാഥ എന്ന പേരിൽ നടത്തുന്ന സ്ത്രീ ശാക്തീകരണ ബോധവൽക്കരണ ക്യാംപയിനുമായി ബന്ധപ്പെട്ട് സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി വരച്ച ചിത്രത്തിൽ കൈയൊപ്പ് ചാർത്തിയായിരുന്നു സ്പീക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഡോ. എസ് പ്രശാന്ത് കൃഷ്ണന്റെ നേതൃത്വത്തിൽ വായനശാലാ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയായിരുന്നു ചടങ്ങിന് തുടക്കമായത്.