കണ്ണൂർ: ജില്ലയിൽ കൊവിഡ് ക്വാറന്റൈൻ നിരീക്ഷണം കൂടുതൽ കർക്കശമാക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറക്കുന്നതിനാണ് നടപടി. പോസിറ്റീവ് രോഗികളുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെയും ക്വാറന്റൈൻ കർശനമായി നിരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾക്ക് ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി.
ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നവർ കൃത്യമായി ക്വാറന്റൈനിൽ കഴിയുന്നുവെന്ന് അതത് സ്ഥലത്തെ ദ്രുത പ്രതികരണ സംഘം (ആർ.ആർ.ടി) ഉറപ്പാക്കണം. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കുന്ന പ്രവർത്തനവും കൂടുതൽ കർശനമാക്കും. ഇവർക്ക് സ്വന്തം വീടുകളിൽ ആവശ്യമായ സൗകര്യം ഇല്ലെങ്കിൽ ഡി.സി.സികളിലേക്കോ സി.എഫ്.എൽ.ടി.സികളിലേക്കോ മാറ്റും. പ്രാഥമിക സമ്പർക്ക പട്ടികയിലെ ഉയർന്ന അപകടസാദ്ധ്യതയുള്ളവർ ക്വാറന്റൈനിൽ പോകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നടപടികൾ കൈക്കൊള്ളും.
ടി.പി.ആർ നിരക്ക് ഉയർന്ന ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാതല ഉദ്യോഗസ്ഥരെ ചാർജ് ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി വിഭാഗത്തിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക ചാർജ് ഓഫീസർമാരായി 25 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുമായി ചേർന്ന് ആവശ്യമായ നടപടികൾക്ക് ഈ ഓഫീസർമാർ നേതൃത്വം നൽകും.
പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. ഇതിന്റെ ഫലമായി ജില്ലയിലെ പ്രതിദിന പരിശോധന 6400ൽ താഴെയായിരുന്നത് 8500 ലെത്തി. പരിശോധന വർദ്ധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് തുടർന്നും ജാഗ്രത പുലർത്തണം.
കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ്