gujarath
ഗുജറാത്ത് യുവതിയെ സബ് കളക്ടർ ഡി.ആർ മേഘശ്രീയുടെ നേതൃത്വത്തിൽ അഹമ്മദാബാദിലെ വീട്ടിലേക്ക് യാത്രയാക്കുന്നു

ഗുജറാത്ത് സ്വദേശിനിയായ 21കാരിയെ സബ് കളക്ടറുടെ സമയോചിത ഇടപെടലിലൂടെ നാട്ടിലേക്ക് അയച്ചു. ജയബെൻ എന്ന യുവതിയെയാണ് അഹമ്മദാബാദ് പൊലിസിന്റെ സഹായത്തോടെ ബന്ധുക്കളുടെ സമീപത്ത് എത്തിച്ചത്.

കുഞ്ഞ് മരിച്ചതിന്റെ ആഘാതവുമായി കഴിഞ്ഞ യുവതി ചെന്നൈയിൽ എവിടെയോ ജോലി ചെയ്യുന്ന ഭർത്താവിനെ അന്വേഷിച്ച് ട്രെയിനിൽ യാത്ര തിരിച്ചതായിരുന്നു. ചെന്നൈയിലേക്കുള്ള ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ വെള്ളം കുടിക്കാൻ പുറത്തിറങ്ങി. ഈ സമയം ട്രെയിൻ വിട്ടതോടെ പിന്നാലെ ഓടി വീണ് തലക്ക് മുറിവ് പറ്റിയ യുവതിയെ ഏതോ ഓട്ടോ ഡ്രൈവർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ഇറങ്ങി ജില്ലാ ജയിൽ ഭാഗത്തുകൂടി നടക്കുമ്പോൾ വിവരമറിഞ്ഞെത്തിയ പിങ്ക് പൊലീസ് സംഘം ആന്റിജൻ ടെസ്റ്റിന് ശേഷം പടന്നക്കാട് സ്നേഹഭവനിൽ എത്തിച്ചു. രണ്ടുമാസം സ്നേഹഭവനിൽ കഴിഞ്ഞ യുവതി അവിടെ നിന്ന് ഇറങ്ങിപ്പോകാൻ തുനിഞ്ഞതിന് പിന്നാലെ പിങ്ക് പൊലീസ് കാഞ്ഞങ്ങാട് സബ് കളക്ടർ ആർ. മുഖശ്രീയെ അറിയിച്ചു. വീഡിയോ കോൺഫറൻസ് മുഖേന യുവതിയുടെ മൊഴിയെടുത്ത സബ് കളക്ടർ ആശുപത്രി രേഖകളിൽ നിന്ന് ലഭിച്ച വിലാസം ലഭിച്ചതിനെ തുടർന്ന് തന്റെ സഹപാഠിയുടെ സഹായത്തോടെ ഗുജറാത്ത് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തി. യുവതിയെ കാണാതായതിനെ അഹമ്മദാബാദ് പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സബ് കളക്ടർ വിവരം അറിയിച്ചത് പ്രകാരം ഗുജറാത്തിൽ നിന്ന് പൊലീസ് എത്തി ജയബെന്നിനെ നാട്ടിലേക്ക് കൊണ്ടുപോയി.