കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് 25 ൽ കൂടുതൽ കൊവിഡ് കേസുകൾ ഉള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചതായി നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത അറിയിച്ചു. ഇതുപ്രകാരം നഗരസഭയിലെ 17, 21, 25, വാർഡുകളിലെ കൊവിഡ് ബാധിത പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണുകളാക്കി മാറ്റി. നഗരസഭ പരിധിയിൽ വരുന്ന ഭൂതാനം, ചേടി റോഡ്, കൊവ്വൽപ്പള്ളി, ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന മുഴുവൻ കടകളിൽ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോം ഡെലിവറി മാത്രം അനുവദിക്കും.
നഗരസഭയിൽ ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും. നഗരത്തിലെ ഓട്ടോ ടാക്സി സ്റ്റാന്റുകൾക്ക് നിയന്ത്രമേർപ്പെടുത്താനും സ്റ്റാന്റുകളിൽ നിന്ന് ഓട്ടോ ടാക്സി സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്താനും തീരുമാനിച്ചു. വ്യവസായ/വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്. ദീർഘദൂര ബസുകൾക്ക് കടന്ന് പോകാമെങ്കിലും ഈ മേഖലയിൽ യാത്രക്കാരെ കയറ്റുവാനോ ഇറക്കുവാനോ പാടില്ല. ആശുപത്രി അത്യാവശ്യ യാത്രകൾ നിയന്ത്രണ വിധേയമായി നടത്താം.
നഗരസഭ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും നിയന്ത്രമേർപ്പെടുത്തും. ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാം. ശനി ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ നിബന്ധനകൾ എല്ലാ ദിവസങ്ങളിലും ബാധകമാക്കി. നഗരത്തിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലെ ജീവനക്കാർ മൽസ്യ മാർക്കറ്റിലെ തൊഴിലാളികൾ ചുമട്ട് തൊഴിലാളികൾ നിർബന്ധമായും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.