milma
ഉദ്ഘാടനത്തിനൊരുങ്ങുന്ന മിൽമയുടെ ഫുഡ് ട്രക്ക്

കണ്ണൂർ: പഴയ കെ.എസ്.ആർ.ടി.സി ബസിന്റെ രൂപമാറ്റം കണ്ട അദ്ഭുതത്തിലാണ് കണ്ണൂർ ഡിപ്പോയുടെ കവാടത്തിലെത്തുന്നവർ. മിൽമയുടെ സഹകരണത്തോടെ വിവിധ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ഫുഡ് ട്രക്കായി ഒരുങ്ങിനിൽക്കുകയാണ് മലയാളിയുടെ ആനവണ്ടികളിലൊന്ന്.

മിൽമയുടെ വിവിധ ഉത്പന്നങ്ങളുമായി കണ്ണൂർ കെ.എസ്.ആർ.ടിസി ഡിപ്പോയിലുള്ള മിൽമ ഫുഡ് ട്രക്ക് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. അടുത്ത ആഴ്ച്ചയോടെ ഫുഡ് ട്രക്ക് തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

ബസ് മിൽമ ഫുഡ് ട്രക്കായി മാറ്റാൻ ഏകദേശം നാലു ലക്ഷം രൂപയാണ് മിൽമയ്ക്ക് ചിലവ് വന്നത്. മാസം 20,000 രൂപ മിൽമ കെ.എസ്.ആർ.ടി.സിക്ക് ബസിന്റെയും സ്ഥലത്തിന്റെയും വാടക ഇനത്തിൽ നൽകും. കഴിഞ്ഞ മാസം പണി തുടങ്ങിയെങ്കിലും കൊവിഡ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.പിന്നീട് പണി അന്തിമഘട്ടത്തിലെത്തിയിട്ടും കൊവിഡ് നിയന്ത്രണത്തിൽ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ കാലതാമസം വന്നു.

ഡീലർഷിപ്പ് വഴിയാണ് ഫുഡ് ട്രക്കിന്റെ നടത്തിപ്പ്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചത്. കാസർകോട്, കോഴിക്കോട്, പാലക്കാട്, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിലും മിൽമ ഇത്തരം ലഘുഭക്ഷണശാലകൾ തുടങ്ങുന്നുണ്ട്.

രാവിലെ ഏഴ് മുതൽ

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവർത്തന സമയം.കൊവിഡ് ഭീതിയും വ്യാപനവുംകുറഞ്ഞാൽ 24 മണിക്കൂറും പ്രവർത്തിക്കും. ചായ, കാപ്പി, ശീതളപാനീയങ്ങൾ, ലഘുഭക്ഷണം ഐസ്‌ക്രീം തുടങ്ങിയവയും മിൽമ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ഇരുന്നു കഴിക്കാൻ ബസിന്റെ ഉൾവശം ഹോട്ടൽ മാതൃകയിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് ടേബിൾ, വാഷ് ബെയ്സിൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പൊളിച്ചുവിൽക്കേണ്ട,പണം വാരാം

അഞ്ഞൂറിലധികം പഴഞ്ചൻ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. പഴകിയ ഇരുമ്പിന്റെ വിലയ്ക്ക് ഇവ പൊളിച്ചുവിൽക്കാറാണ് പതിവ്. ഒരു ബസിന് ശരാശരി 75,000 രൂപയിൽ കൂടുതൽ കിട്ടില്ല. 15ൽ താഴെ വർഷം മാത്രമാണ് കെ.എസ്.ആർ.ടി.സി ബസിന്റെ റോഡിലുള്ള ആയുസ്സ്. പത്തുവർഷത്തിലധികം പഴക്കമുള്ള ബസുകൾ പിന്നീട് ഓർഡിനറി സർവീസിന് ഉപയോഗിക്കാറാണ് പതിവ്. ഫുഡ് ട്രക്ക് സംവിധാനം ദീർഘദൂരബസ് യാത്രികർക്കും പൊതുജനങ്ങൾക്കും വലിയ തോതിൽ ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മിൽമ ഫുഡ് ട്രക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. അടുത്തയാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. മിൽമ ബ്രാന്റ് എന്ന നിലയിൽ മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാകുന്ന തരത്തിലാണ് ഫുഡ് ട്രക്ക് സജ്ജീകരിച്ചിട്ടുള്ളത്.

ടി. രാജീവ് കുമാർ, മിൽമ മാർക്കറ്റിംഗ് മാനേജർ, കണ്ണൂർ