കൂത്തുപറമ്പ്: വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 25 ദിവസം മാത്രം ബാക്കിനിൽക്കെ ആശങ്കയിലായിരിക്കയാണ് 1400 ഓളം വരുന്ന ഉദ്യോഗാർത്ഥികൾ. ഒട്ടേറെ കടമ്പകൾ കടന്ന് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ് അധികൃതരുടെ കടാക്ഷത്തിനായി കാത്തിരിക്കുന്നത്. ആഗസ്റ്റ് നാല് വരെ മാത്രമാണ് നിലവിലുള്ള റാങ്ക് പട്ടികയ്ക്ക് കാലാവധിയുള്ളത്.
2017-ലെ പി.എസ്.സി വിജ്ഞാപന പ്രകാരം 2018 ലാണ് എഴുത്തുപരീക്ഷ നടന്നത്. 2019 നവംബറിലായിരുന്നു കായികക്ഷമത പരിശോധന. 2020 ആഗസ്റ്റ് മൂന്നിന് 2050 ഓളം പേരടങ്ങുന്ന റാങ്ക് പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചു. എന്നാൽ ഗർഭിണികളായ ഉദ്യോഗാർത്ഥികൾ കായികക്ഷമത പരിശോധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നിന്ന് അനുകൂലമായ വിധി നേടിയെടുത്തതോടെ 2020 ഒക്ടോബറിലാണ് നിയമന നടപടികൾ ആരംഭിച്ചത്. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ 671 പേർക്ക് മാത്രമാണ് നിയമന ശുപാർശ അയച്ചത്. അതേ സമയം കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് 1200 ഓളം പേർക്ക് ജോലി ലഭിച്ചിരുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.
ഇതു വരെ നിയമന ശുപാർശ ലഭിച്ചവരിൽ നിന്നും 360 പേർ മാത്രമേ ജോലിക്ക് ഹാജരായിട്ടുള്ളു. എൻ.ജെ.ഡി ഒഴിവുകളാണ് കൂടുതൽ. കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് ചെയ്ത നൂറ് ഒഴിവിൽ 46 എണ്ണവും എൻ.ജെ.ഡി ആയിരുന്നു. ഏപ്രിൽ 27-നും 29 എൻ.ജെ.ഡി ഒഴിവുകളിലേക്ക് നിയമന ശുപാർശ അയച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയപ്പോൾ വനിതാ പൊലീസ് ഓഫീസർ പട്ടികയ്ക്ക് ഒരു ദിവസം മാത്രമാണ് അധികമായി ലഭിച്ചത്.
പുതിയ റാങ്ക് പട്ടികയിലേക്ക് പ്ലസ്ടു പ്രാഥമികതല പരീക്ഷയിൽ നിന്നാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രാഥമികതല പരീക്ഷ പോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പൊലീസ് സേനപോലെ നിരവധി ഘട്ടങ്ങളിലൂടെ നിയമനം നടക്കുന്ന തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാവാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടി വരും. നിലവിലുള്ള പട്ടികയ്ക്ക് ആറ് മാസമെങ്കിലും അധിക സമയം അനുവദിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.