കാഞ്ഞങ്ങാട്: ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയതിനെ തുടർന്ന് കാഞ്ഞങ്ങാട് പൂർണ്ണമായി വിജനമായി. നഗരത്തിൽ എത്തുന്ന വാഹനങ്ങളും യാത്രക്കാരും വളരെ കുറഞ്ഞു. മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ ഒഴികെ പൊതുഗതാഗതം വിലക്കിയിട്ടില്ലെങ്കിലും നഗരത്തിൽ എത്തുന്നവർ നന്നെ കുറവായിരുന്നു. സൗത്ത് മുതൽ പൊലീസ് പരിശോധന ശക്തമാണ്. കൊവ്വൽ പള്ളി മൈക്രോ കണ്ടെയിൻമെന്റ് സോണായതിനാൽ ബസുകൾ നിർത്താൻ പൊലീസ് അനുവദിക്കുന്നില്ല. കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡിലും പരിശോധന ശക്തമാണ്. വിരലിലെണ്ണാവുന്ന ഓട്ടോ റിക്ഷകളെ നഗരത്തിൽ സർവീസ് നടത്തിയുള്ളു. പലചരക്ക് കടകളും മെഡിക്കൽ ഷാപ്പുകളും തുറന്നു. ഹോട്ടലുകൾ പാർസൽ കൗണ്ടറുകൾ തുറന്നു കാത്തിരുന്നുവെങ്കിലും അധികമാളുകൾ എത്താതിരുന്നത് അവർക്കും പ്രയാസമായി.