തളിപ്പറമ്പ്: ഖബർസ്ഥാനിൽ നിർമ്മിച്ച മാലിന്യ പ്ലാന്റ് നീക്കം ചെയ്യണമെന്നും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് നിയമ നടപടികൾ തുടങ്ങിയതായും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ചെയർമാൻ സി. അബ്ദുൽ കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1930ൽ അന്നത്തെ കോഴിക്കോട് ഡിവിഷൻ റവന്യൂ സെറ്റിൽമെന്റ് ഓഫീസിന്റെ സ്‌പെഷ്യൽ സെറ്റിൽമെന്റ് ഓഫീസറായിരുന്ന എസ്. ഭൂമിനാഥൻ പുറത്തിക്കിയ ഷെഡ്യൂൾഡ് ലിസ്റ്റ് പ്രകാരം അന്ന് കാട്ടിക്കൂട്ടത്തിൽ കാതിരി, കുട്ടൻ ഇബ്രായിൻ, അണ്ണച്ചി കുട്ടി, പാറോൽ മായിൻ എന്നിവരുടെ പേരിൽ നാലു ഭാഗങ്ങളായി 634. 50 ഏക്കർ ഭൂമിയാണ് തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് വേണ്ടി ജന്മിമാർ രജിസ്റ്റർ ചെയ്തു കൊടുത്തത്.

1965ൽ കെ.വി സൈനുദ്ധീൻ ഹാജി വഖഫ് ബോർഡിൽ സമർപ്പിച്ച രേഖകൾ പ്രകാരവും 634. 50 ഏക്കർ തന്നെയാണ്. എന്നാൽ 1997ൽ സംസ്ഥാന വഖഫ് ബോർഡിൽ സമർപ്പിച്ച രേഖകൾ പ്രകാരം 76. 95 ഏക്കർ ഭൂമി മാത്രമാണ് ജമാഅത്ത് പള്ളിയുടെ പേരിലുള്ളത്. 557. 55 ഏക്കർ ഭൂമിയാണ് ഈ കാലയളവിൽ പളളിക്ക് നഷ്ടപ്പെട്ടത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു പൊതു ആവശ്യത്തിനുമായി കൊടുത്ത സ്ഥലം ഒഴികെ തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമമാണ് തുടങ്ങിയത്.

ആദ്യ ഘട്ടമായി ഏറ്റവും പ്രധാനപ്പെട്ട ഖബർസ്ഥാന്റെ നഷ്ടപ്പെട്ട സ്ഥലം തിരിച്ചു പിടിക്കും. രേഖ പ്രകാരം 56. 06 ഏക്കറാണ് ഖബർസ്ഥാനു വേണ്ടി നീക്കിവച്ചിരുന്നത്. ഇത് 1997ലെ കണക്കു പ്രകാരം 25. 81 ഏക്കർ ആയി കുറഞ്ഞു. കൂടാതെ ജമാഅത്ത് പള്ളി കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളുമായി ബന്ധപ്പെട്ട് 2013 ഏപ്രിൽ 1നും 2021 ഏപ്രിൽ 1നുമിടയിൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ വന്ന തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വഖഫ് ഓഡിറ്റിൽ കണക്ക് നൽകാത്തതിനെതിരെയും നിയമ നടപടി വേണം. സംസ്ഥാന വഖഫ് ബോർഡിനും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും മന്ത്രിമാർക്കും നിവേദനം നൽകിയതായും അബ്ദുൽ കരീം പറഞ്ഞു. ഭാരവാഹികളായ എം.പി അഷ്റഫ്, സിദ്ദീഖ് കുറിയാലി, കെ.പി.എം റിയാസുദ്ദീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.