തളിപ്പറമ്പ്: വായാട് അബ്ദുൽഖാദർ വധക്കേസ് പുനരന്വേഷിക്കാൻ തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. മോട്ടന്റകത്ത് അബ്ദുൽഖാദറി (38)നെ 2017 ജനുവരി 25 നാണ് വായാട് റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്.

ഖാദറിന്റെ മാതാവിന്റെ പരാതിയെ തുടർന്ന് ഭാര്യ കെ. ഷെരീഫയെയും 10ാം പ്രതിയായി ചേർത്തിരുന്നു. ഇവർക്ക് കുറ്റപത്രം നൽകി കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് പ്രോസിക്യൂഷന്റെ ഹരജിയെ തുടർന്ന് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഖാദറിനെ കൊല്ലാൻ ഭാര്യ ഷെരീഫയും കേസിലെ ഒരു പ്രതിയും നേരത്തെ തന്നെ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കാണിച്ച് ഖാദറിന്റെ മാതാവ് ഖദീജയും സഹോദരിയും ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്നത്തെ തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇപ്പോൾ പയ്യന്നൂർ ഡിവൈ.എസ്.പിയായ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയുള്ള തുടരന്വേഷണം നടക്കുക.