collector
വന്യമൃഗശല്യം ചർച്ച ചെയ്യാർ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സംസാരിക്കുന്നു

കാസർകോട്: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് വന്യമൃഗങ്ങൾ വിളകൾ നശിപ്പിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെയാണ് കാട്ടാന ശല്യം രൂക്ഷമായത്. ഇതിന് തടയിടാൻ നിർമ്മിച്ച ഫെൻസിംഗിന്റെ പ്രവർത്തനക്ഷമത സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചക്കകം സമർപ്പിക്കാൻ ജില്ലാ കളക്ടർ വനംവകുപ്പിനോട് നിർദ്ദേശിച്ചു. വന്യമൃഗശല്യം ചർച്ച ചെയ്യാൻ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ 'ഓപ്പറേഷൻ ഗജ' പുനരാരംഭിക്കണമെന്നും വന്യമൃഗശല്യത്തിലൂടെ കൃഷി നശിക്കുന്ന കർഷകന് നൽകുന്ന സമാശ്വാസ തുക കർഷകരുമായി ചേർന്ന് ധാരണയാക്കാനും ഇത് സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ദിവസത്തിനകം നൽകാനും ജില്ല കളക്ടർ കൃഷി വകുപ്പിന് നിർദ്ദേശം നൽകി. വന്യമൃഗങ്ങളെ നേരിടാനായി ജനങ്ങൾ നിർദ്ദേശിക്കുന്ന ഒരാളെ ഷൂട്ടർആയി നിർദ്ദേശിക്കും. അവർക്കുള്ള പരിശീലനവും ലൈസൻസും ലഭ്യമാക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. യോഗത്തിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ അജിത് കെ. രാമൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

വൈദ്യുതി വേലി
ദൊഡ്ഡമന പാടിക്കൊച്ചി, ചെർണ്ണൂർപടിഞ്ഞാറെ തുമ്പോടി എന്നീ മേഖലകളിലായി ആകെ 4.95 കിലോമീറ്റർ പുതിയ വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്. റാണിപുരം മുതൽ പാറക്കടവ് വരെയുള്ള 9.5 കിലോമീറ്റർ വൈദ്യുതിവേലി പ്രവർത്തനക്ഷമമാണ്. ഓരോ റേയിഞ്ച് ഓഫീസിന്റെ കീഴിലും ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും.