പാനൂർ: തലശ്ശേരി -കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി കനകമലയിൽ ശുദ്ധജലസംഭരണി നിർമ്മിക്കാനാവശ്യമായ സ്ഥല പരിശോധന നടന്നു. അക്വിസിഷൻ നടപടിയുടെ ആദ്യഘട്ടമായ സർവ്വേ ആണ് നടന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചാൽ സാമൂഹ്യ പരിസ്ഥിതി പഠനം നടക്കും. തുടർന്നാണ് സ്ഥലം ഏറ്റെടുക്കൽ നടപടി ഉണ്ടാവുക. പാനൂർ നഗരസഭ പ്രദേശത്തും ചൊക്ലി പഞ്ചായത്ത് പ്രദേശത്തും ആണ് ജലവിതരണം നടത്തുന്നത്. കനകമലയിൽ 24 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല സംഭരണിയാണ് നിർമ്മിക്കുന്നത്. കനകമലക്ക് സമീപം ആറു ലക്ഷം ലിറ്റർ ശേഷിയുള്ള മറ്റൊരു സംഭരണി കൂടി നിർമ്മിക്കുന്നുണ്ട്. കരിയാട് ഹൈസ്‌കൂളിന് സമീപവും ചൊക്ലി ഗവ. കോളേജിന് സമീപവും സംഭരണി നിർമ്മിക്കും.
പെരിങ്ങളം വില്ലേജിലെ കനകമലയിൽ 35 സെന്റ് സ്ഥലവും റോഡിനായി 5 സെന്റ് സ്ഥലവും ഏറ്റെടുക്കുന്നുണ്ട്. തലശ്ശേരി തഹസിൽദാർ വി.കെ ഷാജി, റവന്യൂ ഇൻസ്‌പെക്ടർ സഞ്ജന, സർവ്വേയർ രോഷ്ന, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പ്രകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തെരേസ റിനി എന്നിവർ സ്ഥലത്തെത്തി.

എതിർപ്പ്

പ്രസിദ്ധ തീർത്ഥാടനകേന്ദ്രമാണ് കനകമല. കനകമല തീർത്ഥസ്ഥാനം, കൊരഞ്ഞി ഉറവ, കനകാംബികക്ഷേത്രം, പറമ്പത്ത് പൊടിക്കളം ക്ഷേത്രം, വള്ളി വിനായക ആശ്രമം, നാഗർക്ഷേത്രം എന്നിവക്ക് ഭീഷണിയാകുന്നതിനാൽ വെള്ള സംഭരണി മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.