overbridge
റെയിൽവേയുടെ അനുമതിയും കാത്തിരിക്കുന്ന ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തി

തലശ്ശേരി: റെയിൽവേയുടെ അനുമതി ലഭിക്കാൻ വൈകുന്നത് കാരണം മാഹി–തലശ്ശേരി ബൈപ്പാസ്, കണ്ണൂർ ബൈപ്പാസ് എന്നിവയുടെ നിർമ്മാണം ഇനിയും വൈകിയേക്കും. മാഹി–മുഴപ്പിലങ്ങാട് ബൈപ്പാസിനു വേണ്ടി അഴിയൂരിൽ മാഹി റെയിൽവേ സ്റ്റേഷന് സമീപം ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി. ഇവിടെ ഓവർ ബ്രിഡ്ജിന്റെ തൂണുകളുടെ പൈലിംഗ് തുടങ്ങണമെങ്കിൽ, റെയിൽവേയുടെ ഹൈ ടെൻഷൻ ലൈനിൽ ചെറിയ മാറ്റം വരുത്തണം. ഇതിന് റെയിൽവേയോട് അനുമതി തേടിയിട്ടുണ്ടെങ്കിലും, ഇനിയും ലഭിച്ചിട്ടില്ല.
ഈ വർഷം അവസാനത്തോടെ മാഹി–മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമാണം പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ റെയിൽവേ അനുമതി വൈകുന്ന സാഹചര്യത്തിൽ, ബൈപ്പാസ് സമയത്തിന് പൂർത്തിയാക്കാൻ പറ്റുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെങ്കിലും, റെയിൽവേയുടെ അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കാനാവില്ല.

പാലം തകർന്നതും ബാധിച്ചു

അതിനിടെ ധർമ്മടത്തെ ബാലത്തിൽ പാലം പുഴയിലേക്ക് കൂപ്പ് കുത്തി തകർന്നതും, പള്ളൂർ കോയ്യോട്ട് തെരുവിലെ ഓവർ ബ്രിഡ്ജ് പൂർത്തിയായതിന് ശേഷം, വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് പൊളിച്ചു മാറ്റേണ്ടി വന്നതും, പള്ളൂരിൽ പുതിയ സ്ഥലം അക്വിസിഷൻ ചെയ്യേണ്ടി വന്നതും നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തും. അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം മൂലം പള്ളൂർ വയൽ, മങ്ങാട് വയൽ പ്രദേശങ്ങളിൽ, ചെറു മഴയിൽ പോലും റോഡിന്നിരുവശത്തും വെള്ളപ്പൊക്കമുണ്ടാക്കുന്നതും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

തടസം പിന്നെയും ബാക്കി

മാഹിയിൽ നിന്നും, ചാലക്കര വഴി പന്തക്കലിലേക്കുള്ള പ്രധാന റോഡിൽ പള്ളൂർ ഹൈസ്‌കൂളിന്നടുത്ത ഓവർ ബ്രിഡ്ജിന്റെ പണി വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പ്രളയവും, കൊവിഡും മൂലം നിർമ്മാണത്തിൽ കാലദൈർഘ്യമുണ്ടായതിന് പിറകെ സാങ്കേതികത്വവും റോഡ് നിർമ്മിതിയെ പ്രതികൂലമായി ബാധിക്കുകയാണ്.