കാഞ്ഞങ്ങാട്: കൊവിഡ് പ്രതിസന്ധി പ്രവാസ ലോകത്ത് ഉണ്ടാക്കിയ പ്രയാസങ്ങൾ ചെറുതല്ല. തുടക്കത്തിൽ മഹാമാരിയെ ഭയന്ന് കഴിഞ്ഞവർ പതുക്കെ അതുമായി പൊരുത്തപ്പെട്ട് വന്നെങ്കിലും തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധിയാണുണ്ടായത്. ചിലർക്ക് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. മറ്റു ചിലരാകട്ടെ എങ്ങിനെയെങ്കിലും കിട്ടുന്ന ജോലിയിൽ പിടിച്ചു കയറി. ആയിരങ്ങളും പതിനായിരങ്ങളും ശമ്പളം വാങ്ങിക്കൊണ്ടിരുന്നവർക്ക് തുച്ഛമായ ശമ്പളത്തിലേക്ക് കൂപ്പുകുത്തേണ്ടി വന്നു.
കുടുംബത്തോടൊപ്പം ഏതാനും ദിവസങ്ങൾ ചെലവഴിക്കാൻ വന്ന ചിലർ നാട്ടിലും കുടുങ്ങി. മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും യാത്രാ അനുമതി നിഷേധിച്ചിരിക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദങ്ങളും തിരിച്ചടിയായി. നിലവിൽ ഗോൾഡൻ വിസ ഉള്ളവർക്കും, പാർട്ണർ, ഇൻവെസ്റ്റർ, മാനേജിംഗ് ഡയറക്ടർ വിസ ഉള്ളവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് യാത്രാ അനുമതിയുള്ളത്. പക്ഷേ ഇതിന് പ്രത്യേക അനുമതിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇതിന് 1,60,000 രൂപ മുതൽ 2,00,000 രൂപ വരെയാണ് മുടക്കേണ്ടി വരുന്നത്. ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് യു.എ.ഇ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന നടത്തും. അവിടെ വെച്ച് ജി.പി.എസ് സംവിധാനമുള്ള ബ്രെയ്സ്ലെറ്റ് കൈയിൽ കെട്ടും. ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാനാണിത്. 10 ദിവസമാണ് ഹോം ക്വാറന്റൈനിൽ കഴിയേണ്ടത്. 10ാം ദിവസം നടത്തുന്ന കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രം പുറത്തിറങ്ങാം.
ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് യു.എ.ഇയിൽ ഉയർന്ന പിഴ ശിക്ഷ
മറ്റു രാജ്യങ്ങൾ വഴി ഗൾഫിലെത്താനും വൻ തുക ചെലവ്
അക്കരെ പിന്നെയും തൊഴിലവസരങ്ങൾ
മഹാമാരിക്കിടയിലും യു.എ.ഇയിൽ തൊഴിലവസരങ്ങൾക്ക് കുറവൊന്നുമില്ലെന്നുള്ളത് അനേകരെ ആകർഷിക്കുന്നു. എക്സ്പോ 2020 അടുത്തതോടെ പല കമ്പനികളും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്ന തിരക്കിലാണ്. അഭ്യസ്ഥവിദ്യരായ നിരവധി പേർക്കാണ് ഇതിലൂടെ തൊഴിലവസരങ്ങൾ തുറക്കുക. കൂടാതെ ലേബർ ജോലികളിലും റിക്രൂട്ട്മെന്റ് നടക്കുകയാണ്. യാത്രാ നിരോധനത്തിന് മുമ്പ് വിസിറ്റ് വിസയിലെത്തിയവർക്കാണ് ഇപ്പോൾ സുവർണാവസരം. മറ്റുള്ളവർ പടിക്ക് പുറത്തും.