dr-d-sajith-babu
കാസർകോട് കളക്ടർ ഡോ. ഡി സജിത് ബാബു

കാസർകോട്: രണ്ടുവർഷം കൊണ്ട് അരലക്ഷത്തിലധികം ഫയലുകൾ തീർപ്പാക്കാൻ കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കാസർകോട് ജില്ലാകളക്ടർ ‌ഡോ.ഡി.സജിത് ബാബു. . 48 വർഷം പഴക്കമുള്ള കരിവേടകത്തെ പ്രശ്നവും 42 പേരെ ബാധിക്കുന്ന കുഞ്ചത്തൂരിലെ 40 വർഷം പഴക്കമുള്ളതും തെക്കിൽ വില്ലേജിലെ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞതിലും വലിയ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്തും സാംസ്ക്കാരിക രംഗങ്ങളിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. കാസർകോട് പാക്കേജിൽ നൂറുകണക്കിന് പദ്ധതികൾ പൂർത്തിയാക്കാനും തുടക്കം കുറിക്കാനും കഴിഞ്ഞത് ജില്ലയുടെ മുഖച്ഛായ മാറ്റുന്നതാണ്. കഴിഞ്ഞ രണ്ടുവർഷവും കുടിവെള്ള പ്രശ്നങ്ങൾ ജില്ലയെ അലട്ടിയില്ല. ജലസുരക്ഷക്ക് മുൻഗണന നൽകാനും അതിലൂടെ ഭക്ഷ്യസുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താൻ പദ്ധതികൾ ആവിഷ്ക്കരിച്ചു. ജില്ലയിലെ ജലലഭ്യത മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. പാലായി റെഗുലേറ്റർ കം ബ്രിഡ്ജും ബാവിക്കര പദ്ധതിയും ഇതിന്റെ ഭാഗമാണ്. മൂന്ന് വർഷവും സംസ്ഥാന സർക്കാർ നിർലോഭമായ സഹകരണമാണ് നൽകി. ജീവിതത്തിൽ പുതിയ അനുഭവങ്ങളാണ് കാസർകോട് സമ്മാനിച്ചത്. ഈ നാടിനെ വിട്ടുപോകുമ്പോൾ വലിയ സങ്കടമുണ്ടെന്നും സജിത് ബാബു തുറന്നു പറഞ്ഞു.

ബി.ആർ.ഡി.സി എം. ഡി എന്ന നിലയിൽ ബേക്കൽ ടൂറിസം പദ്ധതിയിൽ കുറെയേറെ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട്. കാടുമൂടികിടക്കുന്ന റീസോർട്ടുകൾ തുറപ്പിച്ചു. ഒരു കമ്പനിയിൽ നിന്ന് നാലര കോടി രൂപ തിരിച്ചടപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൊവിഡിന്റെ തരംഗങ്ങളെ അതിജീവിക്കാൻ 'സ്വയം നന്നാവുക, സർക്കാർ പറയുന്നത് കേൾക്കുക മറ്റൊരു മാർഗവും ഇല്ല..' എന്ന സന്ദേശമാണ് നൽകാനുള്ളതെന്നും അദ്ദേഹം യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞു.